ലക്ഷ്മണ്‍ വിരമിക്കുന്നു
ന്യൂദല്‍ഹി: ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ടെസ്റ്റ് ക്രിക്കറ്റര്‍ വി.വി.എസ്. ലക്ഷ്മണ്‍ വിരമിക്കാനൊരുങ്ങുന്നു. ഈ മാസം ന്യൂസിലാന്റിനെതിരെ നടക്കുന്ന പരമ്പരക്ക് ശേഷമാണ് ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയെന്നാണ് സൂചന. ന്യൂസിലാന്റിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ത്തന്നെ ലക്ഷ്മണ്‍ തന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി മുതിര്‍ന്ന താരങ്ങള്‍ മാറിക്കൊടുക്കേണ്ടതാണെന്ന അഭിപ്രായം ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിക്കാനുള്ള ആലോചന ലക്ഷ്മണ്‍ നടത്തിയതെന്നാണ് വിവരം. ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത് ലക്ഷ്മണിന്റെ സ്വന്തം തട്ടകമായ ഹൈദരാബാദില്‍ വച്ചാണ്.
ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതല്‍ ലക്ഷ്മണിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. അവസാനം കളിച്ച 18 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 36.20 റണ്‍സ് ശരാശരിയോടെ 1086 റണ്‍സാണ് എടുത്തത്. 1996-ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് ഈ പ്രതിഭയുടെ അന്താരാഷ്ട്ര ടെസ്റ്റ് കരിയര്‍ തുടങ്ങുന്നത്. 37കാരനായ ലക്ഷ്മണണ്‍ 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍17 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളും പെടും.
Short URL: http://www.janmabhumidaily.com/jnb/?p=68970