സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും പിന്‍‌വാങ്ങണം – മുഖ്യമന്ത്രി

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ നടത്താനിരിക്കുന്ന പണിമുടക്കില്‍ നിന്നു പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചാകും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തിരുവന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. ബാക്കിയുള്ള സംഘടനാ നേതാക്കളും ജീവനക്കാരും സമരത്തില്‍ നിന്നു പിന്‍മാറണം. നിലവിലുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടു ദോഷം ഉണ്ടാകില്ല.

ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്‌ എല്ലാവരുടെയും പാര്‍ട്ടിയാണ്‌. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള തീരുമാനം മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത്‌ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭാരവാഹിപട്ടികയ്ക്ക്‌ ഇന്നലെ വൈകിട്ട്‌ അന്തിമരൂപം നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇന്നലത്തെ ചര്‍ച്ച മാറ്റിവെയ്ക്കുകയായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത്‌ ചര്‍ച്ച ചെയ്തു പരിഹരിക്കും. ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

താനും കെപിസിസി പ്രസിഡന്റും ഇന്ന്‌ ദല്‍ഹിയിലേക്ക്‌ പോകാനിരുന്നതാണെന്നും യാത്ര മാറ്റിവച്ചത്‌ മന്ത്രിസഭായോഗം ഉള്‍പ്പെടെയുള്ള ഔദ്യോഗിക തിരക്കുകള്‍ മൂലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Short URL: http://www.janmabhumidaily.com/jnb/?p=69418



Posted by admin on Aug 20 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011