പണപ്പെരുപ്പത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്ത്

ന്യൂദല്‍ഹി: രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പണപ്പെരുപ്പത്തെ അനുകൂലിച്ച് കേന്ദ്ര ഉരുക്ക് മന്ത്രി ബേനി പ്രസാദ് വര്‍മ രംഗത്ത്. പണപ്പെരുപ്പം രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രിയുടെ ന്യായീകരണം. ലഖ്‌നൌവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കേന്ദ്ര മന്ത്രി സവിശേഷമായ സാമ്പത്തിക സിദ്ധാന്തം അവതരിപ്പിച്ചത്.

പണപ്പെരുപ്പം മൂലം കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വില ഉയര്‍ത്തുമെന്നതുകൊണ്ട് താന്‍ അത് സ്വാഗതം ചെയ്യുന്നുവെന്നാണ് ബേനി പ്രസാദ് വര്‍മ്മ കണ്ടെത്തിയ ന്യായം. ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് ആശ്വാസമാകും. പണപ്പെരുപ്പത്താലും വിലക്കയറ്റത്താലും രാജ്യം വലയുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ പ്രതികരണം വലിയ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.

മന്ത്രിയുടെ സിദ്ധാന്തം കോണ്‍ഗ്രസിന്റെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. ജനങ്ങള്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോള്‍ മന്ത്രിക്ക് സന്തോഷം തോന്നുന്നത് സ്വാഭാവികമാണെന്ന് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പരിഹസിച്ചു. ബേനി പ്രസാദിന്റെ സാമ്പത്തിക സിദ്ധാന്തം ചിരിക്കാനുള്ള വകയാണ് നല്‍കുന്നതെന്ന് സിപിഐ നേതാവ് ഡി രാജയും പ്രതികരിച്ചു

അതേസമയം സര്‍ക്കാരിനെ വിഷമത്തിലാക്കിയെങ്കിലും ബേനി പ്രസാദ് വര്‍മ്മയെ തള്ളിപറയാന്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ സല്‍മാന്‍ ഖുര്‍ഷിദ് തയ്യാറായില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിനൊപ്പം വിപണിയില്‍ വിലവര്‍ധന കാര്യമായി പ്രതിഫലിക്കുന്നത് നിയന്ത്രിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത്, ചട്ടം ലംഘനം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന കിട്ടിയ നേതാവാണ് ബേനി പ്രസാദ് വര്‍മ്മ.

Short URL: http://www.janmabhumidaily.com/jnb/?p=69428



Posted by admin on Aug 20 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011