ഹോം » സംസ്കൃതി » 

മനസ്സ്‌ സ്വര്‍ഗ്ഗമാണ്‌; നരകവും

July 28, 2011

ഒരു മലയെ വെറുതെ നോക്കിനിന്നതുകൊണ്ടുമാത്രം മലകയറാന്‍ സാധിക്കുകയില്ല. ഒരാള്‍ക്കും ആഗ്രഹിച്ചതുകൊണ്ടുമാത്രം മനസ്സിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിക്കുകയില്ല. അലസതയുടെ പാതയിലൂടെയാണ്‌ പരാജയം ഓടുന്നത്‌. മനസ്സിനെ തിരിച്ചറിയുന്ന കാര്യത്തില്‍ അലസത കാണിക്കുകയാണെങ്കില്‍ ആ മനസ്സ്‌ നരകത്തിനെ സൃഷ്ടിക്കും. സ്വര്‍ഗം പണിയണമെങ്കില്‍ അലസത ഉപേക്ഷിക്കണം. നരകം സൃഷ്ടിക്കുന്നതിന്‌ വഴിയൊരുക്കും.
മനസ്സ്‌ സ്വയം സംസാരിക്കുന്ന യന്ത്രമാണ്‌. നിങ്ങളുടെ ആശയവിനിമയമനുസരിച്ചായിരിക്കും ജീവിതത്തിന്റെ നിലവാരവും നിങ്ങള്‍ സ്വയം ഇങ്ങനെ സംസാരിക്കുന്നുവെന്നിരിക്കട്ടെ. “ഞാന്‍ സന്തോഷവാനല്ല, ഞാന്‍ നിരാശനാണ്‌. ഞാന്‍ വേദന അനുഭവിക്കുന്നു.” എങ്കില്‍ നിങ്ങള്‍ക്ക്‌ അസന്തുഷ്ടിയും നിരാശയും വേദനയും അനുഭവപ്പെടും.
മറ്റുള്ളവരോട്‌ നാം പറയുന്നതെല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നു. പക്ഷെ സ്വയം പറയുന്നതെന്തെന്ന്‌ നമ്മള്‍ ശ്രദ്ധിക്കാറേയില്ല. നടന്ന ഒരു സംഭവത്തേക്കാളും ആ സംഭവത്തെ നമ്മള്‍ വ്യാഖ്യാനിക്കുന്ന രീതിയാണ്‌ നമ്മുടെ അനുഭവമായി മാറുന്നത്‌. ഒരാള്‍ നിങ്ങളെ ശകാരിച്ചുവെന്നിരിക്കട്ടെ. നിങ്ങള്‍ ആ ശകാരവാക്കുകള്‍ മനസ്സിലേറ്റി ദുഃഖിച്ച്‌ നടക്കുന്നു. നിങ്ങള്‍ അശകാരത്തെ ദുഃഖമായി അനുഭവിക്കുന്നു. ശരാരത്തിലൂടെ ആ വ്യക്തി തന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇറക്കിവയ്ക്കുകയായിരുന്നുവെന്ന്‌ നിങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ നിങ്ങളുടെ മനസ്സില്‍ അനുകമ്പയുണ്ടാകുമായിരുന്നു. ഒരു കാര്യമോര്‍ക്കുക, ഓരോ വ്യക്തിയും സ്വന്തം മനസ്സിനുള്ളില്‍ ഒരു വലിയ യുദ്ധം ചെയ്യുന്നുണ്ട്‌.
ഒരു സാധാരണ മനസ്സ്‌ അനാവശ്യകാര്യങ്ങള്‍ സാധിക്കുവാന്‍ ശ്രമം നടത്തുന്നു. ആവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയാണ്‌ ശരിയായ തിരിച്ചറിവ്‌ എന്ന്‌ മഹാവീരന്‍ പറഞ്ഞിട്ടുണ്ട്‌.
ലോക റെക്കോര്‍ഡുകള്‍ ഭേദിക്കുന്നവരെ നിരീക്ഷിച്ചാല്‍ അവര്‍ ചെയ്യുന്നത്‌ വിഡ്ഡിത്തമാണെന്ന്‌ മനസ്സിലാകും. കുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ പുഴുക്കളെ തിന്നുന്നവനാര്‌? എത്രയധികം സൂചികള്‍ എണ്ണാന്‍ കഴിയും? എന്നിങ്ങനെയുള്ള മത്സരങ്ങള്‍ കൊണ്ട്‌ വല്ല പ്രയോജനവുമുണ്ടോ? അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി സമയം കളയുകയാണിവര്‍. യഥാര്‍ത്ഥപ്രയോജനം തരുന്നവയെയും തരാത്തവയെയും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല മനസ്സിന്‌ പൂര്‍ണത നേടിയെടുക്കുന്നത്‌ കൂടുതല്‍ ഗുണകരമാകും.

സുഖബോധാനന്ദ

Related News from Archive
Editor's Pick