ഹോം » പ്രാദേശികം » എറണാകുളം » 

മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡ്‌ വികസനം അവതാളത്തില്‍; സ്ഥലമെടുപ്പിന്‌ ജീവനക്കാരില്ല

July 28, 2011

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക്‌ റോഡ്‌ സ്ഥലമെടുപ്പിനുള്ള ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിച്ചില്ല. പദ്ധതി അവതാളത്തില്‍. നിയമനം കിട്ടിയവര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുകയാണ്‌.എറണാകുളം-തേക്കടി സംസ്ഥാന പാതയില്‍പെട്ട മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച്‌ പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളത്തിന്‌ നിലവിലുള്ള റോഡ്‌ 20മീറ്റര്‍ വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്‌ 15ഹെക്ടറോളം സ്ഥലം ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കുന്നതിന്‌ ഒരു വാല്യുവേഷന്‍ അസിസ്റ്റന്റ്‌, രണ്ട്‌ റവന്യു ഇന്‍സ്പെക്ടര്‍മാര്‍, രണ്ട്‌ സ്പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍മാര്‍, രണ്ട്‌ യു ഡി ക്ലാര്‍ക്ക്‌, ഒരു ടൈപ്പിസ്റ്റ്‌, രണ്ട്‌ സര്‍വ്വേയര്‍മാര്‍, ഒരു പ്യൂണ്‍ എന്നിങ്ങനെ 10അധിക തസ്തികകള്‍ മൂവാറ്റുപുഴ ആര്‍ ഡി ഒയ്ക്ക്‌ കീഴില്‍ സൃഷ്ടിച്ച്‌ മുന്‍ ഗവണ്‍മെന്റ്‌ 2010 സെപ്റ്റംബര്‍ 9ന്‌ നമ്പര്‍ 4311/2010/ആര്‍ഡി റവന്യു വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയിരുന്നു. ഇതിന്‍ പ്രകാരം നിയമന ചുമതലയുള്ള ജില്ലാ കളക്ടര്‍ ഒരു വാല്യുവേഷന്‍ അസിസ്റ്റന്റ്‌, രണ്ട്‌ റവന്യു ഇന്‍സ്പെക്ടര്‍മാര്‍, ഒരു യുഡി ക്ലാര്‍ക്ക്‌, ഒരു എല്‍ഡി ക്ലാര്‍ക്ക്‌ എന്നിങ്ങനെ അഞ്ച്‌ തസ്തികകളാണ്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമനം നടത്തിയത്‌. എന്നാല്‍ സ്ഥലമെടുപ്പിന്‌ ആവശ്യമായ സര്‍വ്വേയര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ നിയമനം മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും പത്ത്‌ മാസം പിന്നിടുമ്പോഴും നിയമിച്ചിട്ടില്ല. നിയമിതരായവര്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നേടുന്നതല്ലാതെ മറ്റ്‌ ജോലിയൊന്നും ചെയ്യുന്നില്ല.
വാല്യുവേഷന്‍ അസിസ്റ്റന്റായി നിയമിച്ചിരുന്ന ജീവനക്കാരനെ ഇവിടെ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരിക്കുകയുമാണ്‌. രണ്ട്‌ വര്‍ഷമാണ്‌ കാലാവധി. 14മാസത്തിനകം സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ജീവനക്കാരെ അടിയന്തരമായി നിയമിച്ചില്ലെങ്കില്‍ റോഡ്‌ നിര്‍മ്മാണത്തിനു പദ്ധതികള്‍ പാതിവഴിയിലാകും. മൂവാറ്റുപുഴ കോട്ടയം എംസി റോഡില്‍ കൂത്താട്ടുകുളംവരെയുള്ള 18കിലോമീറ്റര്‍ സമാന്തരപാതയാണ്‌ വീതി കൂട്ടി നിര്‍മ്മിക്കുന്നത്‌.
എം.സി റോഡില്‍ ഏറിയഭാഗവും വളവുകളുമാണ്‌. സ്ഥലം ഏറ്റെടുക്കുന്നതിന്‌ കൂടുതല്‍ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്ന്‌ കണ്ടാണ്‌ ലിങ്ക്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തീരുമാനം എടുത്തതും. നടപടി തുടങ്ങിയെങ്കിലും മുന്‍ എംഎല്‍എ ബാബുപോളിന്റെ ശ്രമഫലമായാണ്‌ നിയമന ഉത്തരവ്‌ വന്നത്‌. എങ്കിലും ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വികസനത്തിന്റെ പാതയിലുള്ള മൂവാറ്റുപുഴ പട്ടണത്തിന്‌ ഇത്‌ ഒരു ചൂണ്ടുപലകയുമാണ്‌.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick