ഭൂകമ്പം : മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന്‌ വിള്ളലുകള്‍ കണ്ടെത്തി

Friday 29 July 2011 10:58 am IST

കുമളി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന്‌ പുതിയ വിള്ളലുകള്‍ കണ്ടെത്തി. അണക്കെട്ടിന്റെ മുകള്‍ ഭാഗത്തുള്ള സിമന്റ്‌ പ്ലാസ്റ്ററിംഗുകളിലാണ്‌ വിള്ളലുകള്‍ കണ്ടെത്തിയത്‌. ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ ഭൂകമ്പത്തിന്റെയും തുടര്‍ചലനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ അണക്കെട്ടില്‍ പരിശോധന നടന്നത്‌. ജലവിഭവവകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജോര്‍ജ്ജ്‌ ഡാനിയലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ്‌ പുതിയ വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്‌.
അണക്കെട്ടില്‍ മുമ്പുണ്ടായിരുന്ന വിള്ളലുകള്‍ വികസിച്ചതായും സംഘം കണ്ടെത്തിയിട്ടുണ്ട്‌. അണക്കെട്ടില്‍ നിന്നും പുറത്തേക്ക്‌ ഒഴുകുന്ന സ്വീവേജ്‌ ജലത്തിന്റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്‌. എന്നാല്‍ അണക്കെട്ടില്‍ പുതിയതായി കണ്ടെത്തിയിരിക്കുന്ന വിള്ളലുകള്‍ ആശങ്കാജനകമല്ലെന്നാണ്‌ പരിശോധനസംഘം പറയുന്നത്‌. പരിശോധനയുടെ റിപ്പോര്‍ട്ട്‌ ചീഫ്‌ എഞ്ചിനീയര്‍ക്കും ജലവിഭവവകുപ്പ്‌ സെക്രട്ടറിക്കും ഉടന്‍ സമര്‍പ്പിക്കുമെന്ന്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.