ഗുരുവായൂര്‍ പോലീസ്‌ വലയത്തില്‍

Friday 29 July 2011 10:58 am IST

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ പരിശോധന തുടരുന്നു. ക്ഷേത്രത്തില്‍ എത്തുന്നവരെ കര്‍ശന പരിശോധനക്ക്‌ ശേഷമാണ്‌ അകത്തേക്ക്‌ കടത്തിവിടുന്നത്‌. ഗുരുവായൂര്‍ ക്ഷേത്രപരിസരം ഇപ്പോള്‍ പോലീസിന്റെ സുരക്ഷാ വലയത്തിലാണ്‌. ആയുധധാരികളായ പോലീസുകാരും എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്‌. ബോംബ്‌ ഭീഷണി വാര്‍ത്ത പരന്നതോടെ ഇന്നലെ ഭക്തജനത്തിരക്ക്‌ കുറഞ്ഞു. പലപ്പോഴും പലസമയങ്ങളിലും ക്ഷേത്രനടയില്‍ ദര്‍ശനത്തിന്‌ ആരുമില്ലാത്ത നേരം വരെ ഉണ്ടായി. അധികൃതരുടെ പിടിപ്പുകേടുമൂലം പതിനായിരക്കണക്കിന്‌ ഭക്തരെത്തുന്ന ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഭക്തജനങ്ങളും ഇപ്പോള്‍ ആശങ്കയുടെ നിഴലിലാണ്‌. ഇന്നലെ ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പരിശോധനകളും വിലയിരുത്തലുകളും നടത്തി.
ബോംബ്‌ ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഐജി ബി. സന്ധ്യ പറഞ്ഞു. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ എടുത്തിട്ടുണ്ടെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഭീഷണിക്കത്ത്‌ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട്‌ പോലീസിന്റെ ക്രൈംബ്രാഞ്ച്‌ ഇന്റലിജന്റ്സ്‌ വിഭാഗം ഡിവൈഎസ്പി ഹരിമുരുകന്‍, എസ്‌.ഐ.ഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇന്നലെ ഗുരുവായൂരിലെത്തി അന്വേഷണം നടത്തി. കത്തിന്റെ ഉറവിടം ചെന്നൈയില്‍ നിന്നാണെന്ന്‌ സ്ഥിരീകരിച്ചതോടെയാണ്‌ തമിഴ്‌നാട്‌ പോലീസ്‌ ഗുരുവായൂരിലെത്തിയത്‌.
കഴിഞ്ഞ ദിവസമാണ്‌ അല്‍ഖ്വയ്ദയുടെ പേരില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക്‌ ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത കത്ത്‌ ലഭിച്ചത്‌. ഇതുപ്രകാരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും ദേവസ്വം കോളേജുകളിലും ബോംബ്‌ പൊട്ടിക്കുമെന്നും ജയലളിത, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവരെ വധിക്കുമെന്നും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്നുമായിരുന്നു ഉണ്ടായിരുന്നത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ്‌ ഭീഷണി ഉയര്‍ന്നതോടെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്‌ പോലീസ്‌ പറയുന്നുണ്ടെങ്കിലും ഇത്‌ താത്കാലികമാണെന്നാണ്‌ ഭക്തജനങ്ങളുടെ അഭിപ്രായം. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ ഉന്നത പോലീസുകാര്‍ തമ്മിലുള്ള തര്‍ക്കമാണ്‌ ഇതിന്‌ പിന്നിലെന്നും സംശയിക്കുന്നതായി ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.