ഹോം » ലോകം » 

ജലലഭ്യതക്ക്‌ നിയമം വേണമെന്ന്‌ ബാന്‍ കി മൂണ്‍

July 29, 2011

ന്യൂയോര്‍ക്ക്‌: ജലം ലഭ്യമാക്കാനുള്ള അവകാശത്തിനും ശുചിത്വം ഉറപ്പാക്കാനും അംഗരാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന്‌ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
ജലലഭ്യതക്കും ശുചിത്വത്തിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ പ്ലീനറി യോഗത്തിലാണ്‌ സെക്രട്ടറി ജനറല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. പല രാജ്യങ്ങളും ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്‌. മറ്റു രാജ്യങ്ങളോട്‌ ഉടന്‍ അങ്ങനെ ചെയ്യണമെന്ന്‌ ഞാനഭ്യര്‍ത്ഥിക്കുന്നു, അദ്ദേഹം പറഞ്ഞു. ഭൂലോകം മുഴുവനും ഈ പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും വികസിത രാജ്യങ്ങളിലെ പകുതിയോടടുത്ത ജനങ്ങള്‍ അശുദ്ധജലവും ശുചിത്വമില്ലായ്മയും മൂലം രോഗികളായിത്തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിശുമരണങ്ങള്‍ക്ക്‌ കാരണവും ഇതുതന്നെയാണെന്നും ജലം ഒരവകാശമാവുമ്പോഴും അത്‌ സൗജന്യമായി ലഭിക്കേണ്ടതില്ലെന്നും അദ്ദേഹം തുടര്‍ന്നു. ജലവും ശുചീകരണവും എല്ലാവര്‍ക്കും താങ്ങാനാവുന്നതാവണം. ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കേണ്ടത്‌ രാജ്യങ്ങളുടെ കടമയാണ്‌.
സൊമാലിയയിലും മറ്റുമുണ്ടായ വരള്‍ച്ചയും പ്രതിസന്ധിയും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമ്മെ ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick