'ബദരീനാഥി'ന്‌ റെക്കോര്‍ഡ്‌ കളക്ഷന്‍

Sunday 19 June 2011 11:03 pm IST

സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്‌ തന്റെ പുതിയ പടം 'ബദരീനാഥിന്‌' റെക്കോര്‍ഡ്‌ കളക്ഷന്റെ അവകാശവാദവുമായി രംഗത്ത്‌. സിനിമയെക്കുറിച്ച്‌ തെറ്റായ അവലോകനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലും 28.25 കോടി രൂപയുടെ കളക്ഷനാണ്‌ ഒരാഴ്ചകൊണ്ട്‌ രാജ്യമൊട്ടുക്കും നേടിയെടുക്കാനായതെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ രണ്ടുകാര്യങ്ങള്‍ക്കാണ്‌ പ്രാധാന്യം കല്‍പിക്കുന്നത്‌, സ്നേഹത്തിനും സിനിമയ്ക്കും. എന്നാല്‍ ഞാന്‍ സിനിമ തെരഞ്ഞെടുത്തു. ഇപ്പോള്‍ സന്തോഷവാനാണ്‌ കാരണം അതിലൂടെ ഞാന്‍ സ്നേഹത്തെ കണ്ടെത്തി. നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ പണിയെടുക്കൂ, ബാക്കിയെല്ലാം താനെ വന്നുകൊള്ളും, പുതിയ ചിത്രത്തിന്റെ വിജയത്തില്‍ അല്ലു അരവിന്ദ്‌ സന്തോഷം പങ്കുവെയ്ക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ദുഃഖിതനായിരുന്ന അരവിന്ദ്‌ ചിത്രം റെക്കോര്‍ഡ്‌ കളക്ഷന്‍സ്‌ സ്വന്തമാക്കിയതില്‍ പൂര്‍ണ സന്തോഷവാനാണെന്ന്‌ അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈയിടെയായി അല്ലു അര്‍ജ്ജുന്റെ സിനിമകള്‍ കാണാന്‍ ജനം തയ്യാറാകാതായി. കാരണം, അല്ലു അരവിന്ദോ വി.വി. വിനായകോ അതിനു പിന്നിലുണ്ടാകുമെന്ന്‌ അവര്‍ക്കറിയാം. എന്നാല്‍ നല്ല കഥകളെ തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ സിനിമ കാണാനെത്തണമെന്ന്‌ ബദരിനാഥിന്റെ സംവിധായകന്‍ വി.വി. വിനായക്‌ അഭിപ്രായപ്പെട്ടു. എം.എം.കീരവാണിയാണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.