ഹോം » പൊതുവാര്‍ത്ത » 

വധശിക്ഷക്കെതിരെ കസബ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

July 29, 2011

ന്യൂദല്‍ഹി: 26/11 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ പാക്‌ ഭീകരന്‍ അജ്മല്‍ കസബ്‌ തന്റെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ആര്‍തര്‍ റോഡ്‌ ജയില്‍ അധികാരികളുടെ സഹായത്തോടെയാണ്‌ അപ്പീല്‍ നല്‍കിയത്‌.
അപ്പീല്‍ സുപ്രീംകോടതിക്ക്‌ അയച്ചിരിക്കുകയാണ്‌. കോടതിയിലെ സെക്രട്ടറി ജനറല്‍ അത്‌ നമ്പറിട്ട്‌ കോടതി വാദം കേള്‍ക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തും.
പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകരവാദത്തിന്റെ പല മുഖങ്ങള്‍ വെളിപ്പെടുത്തുന്ന കസബിനെ 80 കുറ്റങ്ങള്‍ ചെയ്തതിന്‌ 2010 മേയിലാണ്‌ വിചാരണ കോടതി വധശിക്ഷക്കു വിധിച്ചത്‌. കുറ്റ കൃത്യങ്ങളില്‍ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതുള്‍പ്പെടുന്നു. വിചാരണ കോടതിയുടെ വിധി 2011 ഫെബ്രുവരി 21 ന്‌ മുംബൈ ഹൈക്കോടതി ശരിവെച്ചിരുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയില്‍ ഫരീദ്‌ കോട്ട്‌ ഗ്രാമത്തില്‍ ജനിച്ച കസബ്‌, ബോട്ടുമാര്‍ഗം മുംബൈയിലെത്തി അവിടെ 3 ദിവസത്തിനുള്ളില്‍ 10 വെടിവെപ്പുകളും ബോംബാക്രമണവും സംഘടിപ്പിച്ചു. 2008 നവംബര്‍ 26നായിരുന്നു മുംബൈ ആക്രമണം.
പാക്കിസ്ഥാനിലെ വിപ്ലവ നിയന്ത്രകര്‍ മരണംവരെ കൊല്ലാനാണ്‌ കസബിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. എന്നാല്‍ അയാള്‍ പോലീസ്‌ പിടിയിലാവുകയാണുണ്ടായത്‌. താജ്മഹല്‍ ഹോട്ടല്‍ തകര്‍ക്കാനും 5000 പേരെയെങ്കിലും വധിക്കാനും തങ്ങള്‍ പരിപാടിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ കസബ്‌ സമ്മതിച്ചു.
നിരീക്ഷണ ക്യാമറകളില്‍ കണ്ട ഒരു ബാക്ക്പാക്കും എകെ 47 തോക്കുമായി ഛത്രപതി ശിവജി ടെര്‍മിനസില്‍ ധൃതിയില്‍ നടക്കുന്ന ചിത്രമാണ്‌ പ്രതിയെ വലയിലാക്കിയത്‌. കസബ്‌ വ്യക്തിപരമായി 76 പേരുടെ വധത്തിനും തന്റെ കൂട്ടാളി അബു ഇസ്മയിലുമായി ചേര്‍ന്ന്‌ 59 പേരെ കൊല ചെയ്തതിലും കൂട്ടുപ്രതിയാണ്‌. അബു ഇസ്മയിലിന്‌ ഒരു പോലീസ്‌ പിക്കറ്റിലേക്ക്‌ ഓടിക്കയറുമ്പോള്‍ വെടികൊള്ളുകയായിരുന്നു.
കസബിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട്‌ ബോംബെ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച്‌ ന്യായാധിപരായ ജസ്റ്റിസ്‌ രഞ്ചന ദേശായിയും അര്‍വിമോറെയും ഇത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക്‌ വധശിക്ഷ നല്‍കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അക്രമത്തിന്റെ സ്വഭാവവും അതിനുണ്ടായ തയ്യാറെടുപ്പുകളും കണക്കിലെടുത്താല്‍ പ്രതി സമൂഹത്തിന്‌ ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick