ഹോം » കേരളം » 

താരറെയ്ഡ്‌: ആദായനികുതിവകുപ്പ്‌ ഉരുണ്ടുകളിക്കുന്നു

July 30, 2011

കൊച്ചി: സൂപ്പര്‍താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡ്‌ സംബന്ധിച്ച്‌ ആദായനികുതി വകുപ്പ്‌ ഉരുണ്ടുകളിക്കുന്നു. റെയ്ഡ്‌ നടന്നിട്ട്‌ ഒരാഴ്ചയായിട്ടും ഇതുസംബന്ധിച്ച വ്യക്തമായ ഒരു വിവരം പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. താരങ്ങളുടെ വസതിയിലെ റെയ്ഡ്‌ സംബന്ധിച്ച്‌ ഉടനെ പത്രക്കുറിപ്പ്‌ ഇറക്കുമെന്ന്‌ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അതുണ്ടായില്ല. മാത്രമല്ല താരങ്ങളുടെ വസതികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കണ്ടെടുത്ത രേഖകളുടെ മൂല്യനിര്‍ണയം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്‌. മോഹന്‍ലാലിന്റെ വസതിയില്‍നിന്നും ആനക്കൊമ്പ്‌ കണ്ടെടുത്തെങ്കിലും അതേക്കുറിച്ച്‌ വനംവകുപ്പിനെ ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ലത്രേ. മോഹന്‍ലാലിന്റെ വസതിയിലെ ഒരു ലോക്കര്‍ തുറക്കുന്നത്‌ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിന്നിരുന്നു.
ഇതിനിടെ മമ്മൂട്ടിയുടെ സ്വത്തുക്കളെ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഒരു ഷെഡ്യൂള്‍ ബാങ്കിന്റെ വൈറ്റിലയിലെ ശാഖയില ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ പനമ്പിള്ളിനഗറിലെ വസതിയിലും വീണ്ടും പരിശോധന നടത്തി. മമ്മൂട്ടിയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. സഹായി ആന്റോ ജോസഫിനെയും ചോദ്യംചെയ്തതായിട്ടാണ്‌ വിവരം.
എന്നിരുന്നാലും മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ വസതികളില്‍ നടന്ന റെയ്ഡ്‌ അട്ടിമറിക്കാനും നീക്കം ആരംഭിച്ചു. ഇതേത്തുടര്‍ന്ന്‌ റെയ്ഡിന്‌ നേതൃത്വം നല്‍കിവരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയന്ത്രണമാണ്‌ ഉണ്ടായിട്ടുള്ളത്‌. റെയ്ഡ്‌ സംബന്ധിച്ച്‌ ഒരു വിവരവും പുറത്തുവിടരുതെന്നാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുകളില്‍നിന്നും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട്‌ തന്നെ ഇനിയുള്ള പരിശോധനകള്‍ വളരെ കരുതലോടെ നീങ്ങാനാണ്‌ ഉദ്യോഗസ്ഥരുടെ തീരുമാനം.
കെ.എസ്‌. ഉണ്ണികൃഷ്ണന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick