ഹോം » പ്രാദേശികം » എറണാകുളം » 

സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക്‌ കമ്മീഷന്‍ പാടില്ല: ഐഎംഎ

July 30, 2011

കൊച്ചി: സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക്‌ യാതൊരുവിധത്തിലുള്ള കമ്മീഷനുകളും ഡോക്ടര്‍മാര്‍ വാങ്ങാന്‍പാടില്ലെന്നും ഇത്‌ നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചികിത്സാരംഗത്തെ നൈതികത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയശില്‍പശാല തീരുമാനിച്ചു. രോഗികളെ തുടര്‍ചികിത്സയ്ക്കായി ശുപാര്‍ശചെയ്യുമ്പോള്‍ റഫറല്‍ ഫീ സ്വീകരിക്കാന്‍ പാടില്ല. മരുന്നുകമ്പനികളില്‍നിന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തിപരമായി ഉപഹാരങ്ങളോ സാമ്പത്തിക നേട്ടങ്ങളോ സ്വീകരിക്കാന്‍ പാടില്ലെന്നും സമ്മേളനം നിര്‍ദേശിച്ചു. എന്നാല്‍ വൈദ്യശാസ്ത്ര തുടര്‍വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ സാമ്പത്തികസഹായം സ്വീകരിക്കുന്നത്‌ നൈതികതയ്ക്ക്‌ എതിരല്ലെന്ന്‌ സമ്മേളനം വിലയിരുത്തി.
രാജ്യത്ത്‌ അവയവദാനചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വളരെ വലുതും അവയവങ്ങളുടെ ലഭ്യത കുറവുമാണ്‌. ഈ സാഹചര്യത്തില്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ശക്തമായ നടപടികളുണ്ടാവണം. മസ്തിഷ്ക മരണംസംഭവിച്ചവരില്‍നിന്നും രോഗികളുടെ ബന്ധുക്കളില്‍നിന്നും അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നടപടി വേണം. നിലവിലുള്ള നിയമങ്ങള്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നിരുത്സാഹപ്പെടുത്തുന്നവയാണെന്ന്‌ സമ്മേളനം വിലയിരുത്തി.
വന്ധ്യതാചികിത്സയില്‍ താരതമ്യേന ചിലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരവും, ഉപയോഗവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാവണം. വന്ധ്യതാചികിത്സയുടെയും അവയവദാനത്തിന്റെയും നൈതികത ഉറപ്പാക്കാന്‍ മെഡിക്കല്‍ രേഖകളുടെ ഓഡിറ്റിംഗ്‌ നടപ്പാക്കാന്‍ ഐഎംഎ മുന്‍കൈയെടുക്കും. ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ ചികിത്സാരംഗത്തെ ഉള്‍പ്പെടുത്തിയത്‌ സമൂഹത്തിന്‌ തീര്‍ത്തും വിനാശകരമായി. ചികിത്സാചിലവ്‌ ഉയരാനും ഡോക്ടര്‍-രോഗി ബന്ധം മോശമാക്കാനും ഈ നിയമം വഴിതെളിച്ചു. രോഗികള്‍ക്കുണ്ടാവുന്ന പരാതികള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാരും ജനപ്രതിനിധികളുമുള്‍പ്പെടെയുള്ള സംവിധാനം നിലവില്‍വരണമെന്നും നിര്‍ദേശമുണ്ടായി.
വിവിധ വിഷയങ്ങളില്‍ ഡോ. അജയ്കുമാര്‍, അഡ്വ. കാളീശ്വരംരാജ്‌, ഡോ. ബി ഇക്ബാല്‍, ഡോ. പ്രകാശ്‌, ജസ്റ്റിസ്‌ എ കെ ബഷീര്‍, ഡോ. എം കെ ഗ്രോവര്‍, അഡ്വ. പി എസ്‌ ശ്രീധരന്‍പിള്ള, ഡോ. വസന്ത മുത്തുസ്വാമി, ഡോ. എച്ച്‌ കോഹ്ലി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം പി സി ചാക്കോ എംപി നിര്‍വഹിച്ചു. ഐഎംഎ ദേശീയ പ്രസിഡന്റ്‌ ഡോ. വിനയ്‌ അഗര്‍വാള്‍ അധ്യക്ഷതവഹിച്ചു. ഡോ. എം ഭാസ്കരന്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്‌, ഡോ. കെ മോഹന്‍ദാസ്‌, ഡോ. ഹേമാ മേനോന്‍, ഡോ. ജി കെ രാമചന്ദ്രപ്പ, ഡോ. ഡി ആര്‍ റായ്‌, ഡോ. കെ വിജയകുമാര്‍, ഡോ. ജി വിജയകുമാര്‍, ഡോ. ജെ രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick