ഹോം » സംസ്കൃതി » 

രാമായണം സുന്ദരകാണ്ഡം

July 31, 2011

അല്ലയോ സുന്ദരി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച്‌ എന്നെ ഈ ധര്‍മ്മസങ്കടത്തില്‍ നിന്നും രക്ഷിച്ചാലും. ഞാന്‍ നിന്റെ കാലിണകളെ വണങ്ങുന്നു. ഇങ്ങനെയെല്ലാം അപേക്ഷിച്ച രാവണന്‍ അനുസരണയോടെ സീതാദേവിയുടെ മറുപടിക്കായി തൊഴുതുനിന്നു.
പവിത്രയായ സീത അന്യപുരഷനോട്‌ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവളാണ്‌. അതുകൊണ്ട്‌ ഒരു പുല്‍ക്കൊടി നുള്ളിയിട്ട്‌ അതിനോടാണ്‌ സീത മറുപടി പറയുന്നത്‌. “സൂര്യവംശതിലകമായ ശ്രീരാമദേവനും അദ്ദേഹത്തിന്റെ അനുജനും താമസിക്കുന്ന ആശ്രമത്തില്‍ അവരോടുള്ള പേടികാരണം സന്യാസി വേഷത്തില്‍ ഇരുവരും കാണാതെ വന്ന്‌, യാഗത്തിലെ ഹോമദ്രവ്യം പെണ്‍പട്ടി മോഷ്ടിച്ചുകൊണ്ടുപോകുന്നതുപോലെ എന്നെ നീ കട്ടുകൊണ്ടുവന്നതല്ലേ.
രാവണാ! നീ ചെയ്ത അനുചിതമായ പ്രവൃത്തിക്ക്‌ ഉചിതമായ ശിക്ഷ നീ ഉടനെ അനുഭവിക്കും. ഓര്‍ത്തുകൊള്ളുക. ദശരഥപുത്രനായ ശ്രീരാമദേവന്റെ ശരമേറ്റ്‌ ശരീരം പിളര്‍ന്ന്‌ നീ യമലോകം പ്രാപിക്കും.
ശ്രീരാമദേവന്‍ വെറുമൊരു മനുഷ്യനാണെന്ന്‌ നിനക്ക്‌ തോന്നുണ്ടെങ്കില്‍ അത്‌ വെറുതെയാണ്‌. അദ്ദേഹം ലവണസമുദ്രത്തെ യാതൊരു പ്രയാസവും കൂടാതെ തരണംചെയ്യും. ഇനി അതിന്‌ താമസമില്ല. ശ്രീരാമദേവന്‍ തൊടുത്തുവിടുന്ന മൂര്‍ച്ചയുള്ള അമ്പുകള്‍ കൊണ്ടുണ്ടാകുന്ന തീപ്പൊരിയില്‍ ഈ ലങ്കാനഗരം ഭസ്മമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സഹോദരന്മാരോടും, മക്കളോടും, സേനാപതികളോടുംകൂടി നിന്റെ സൈന്യം മുഴുവന്‍ നശിച്ചുപോകും. എല്ലാവര്‍ക്കും രക്ഷകനും ഭ്രഭാരം നശിപ്പിക്കുന്നവനുമായ മഹാവിഷ്ണു ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം നിന്നെ നശിപ്പിക്കുവാന്‍ വേണ്ടി ഇപ്പോള്‍ ശ്രീരാമനായി ഭൂമിയില്‍ അവതരിച്ചിരിക്കുന്നു. ജനകരാജാവിന്റെ പുത്രിയായി ഞാന്‍ പിറന്നത്‌ ഇതിനൊരു കാരണമാകാന്‍ വേണ്ടിമാത്രമാണ്‌. അധികം താമസിയാതെ നിന്നെ വധിച്ച്‌ എന്നെ കൊണ്ടുപോകാന്‍ ശ്രീരാമദേവന്‍ വന്നെത്തും.
ഇങ്ങനെ സീതാദേവിയുടെ പരുഷവചനങ്ങള്‍കേട്ടം കുപിതനായ രാവണന്‍ കോപംകൊണ്ട്‌ വിറയിക്കുന്ന കൈയില്‍ ഭയങ്കരമായ വാളെടുത്ത്‌ സീതയെ കൊല്ലാനായി തുനിഞ്ഞു.
അതുകണ്ട്‌ രാവണഭാര്യ മണ്ഡോദരി തന്റെ ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുകൊണ്ട്‌ അതികരുണയോടെ ഇങ്ങനെ പറഞ്ഞു. : “ദയവായി ഞാന്‍ പറയുന്നത്‌ കേട്ടാലും. അരുതാത്ത കാര്യത്തെപ്പറ്റി ചിന്തിക്കുന്നത്‌ മൂഢന്മാരാണ്‌. വളരെ ദുഃഖിതയായി കൃശഗാത്രയായി ബന്ധുക്കളാരും അടുത്തില്ലാതെ ഇരിക്കുന്ന ഈ മനുഷ്യസ്ത്രീയെ ഉപദ്രവിക്കുന്നത്‌ ഉചിതമല്ല. അതിനാല്‍ അവളരെ ഉപേക്ഷിക്കുക. രാമനേയും പാതിവ്രതത്യശക്തിയേയും മാത്രം ആലംബമാക്കി അനുഗൃഹത്തില്‍ താമസിക്കുന്ന ഇവള്‍ രാക്ഷസ സ്ത്രീകളുടെ കഠിനവാക്കുകള്‍ കേട്ട്‌ വശംകെട്ടിരിക്കുന്നു. ഇതിലും വലിയ ഒരു ദുരിതം ഇവള്‍ക്കിനി ഉണ്ടാകുമോ? വീരപുരുഷന്മാര്‍ക്ക്‌ ഇത്രയും പാപവും, ദുഷ്കീര്‍ത്തിയും, ദുര്‍ബുദ്ധിയും യോഗ്യമല്ല. ദേവാസുര രാക്ഷസനാഗകുലത്തില്‍പ്പെട്ട സ്ത്രീകളും അപ്സരസ്സുകളും ഗന്ധര്‍വ്വസ്ത്രീകളും നിനക്ക്‌ വശഗതരല്ലേ.”
മണ്ഡോതരിയുടെ ദയാപൂര്‍ണമായ വാക്കുകള്‍ കേട്ട രാവണന്‍ ലജ്ജിതനായി.

വ്യാഖ്യാനം: കെ.പി.അജിത

Related News from Archive
Editor's Pick