ഹോം » വിചാരം » 

ചാണക്യദര്‍ശനം

July 31, 2011

സംസാര താപദഗ്ദ്ധാനാം
ത്രയോ വിശ്രാന്തി ഹേതവാഃ
ആപത്യം ച കളത്രം ച
സതാം സംഗതിരേവ ച

ശ്ലോകാര്‍ത്ഥം:

“പ്രാരാബ്ധങ്ങളും കഷ്ടപാടുകളും നിറഞ്ഞ നരക തുല്യമായ ജീവിതത്തില്‍ മൂന്നുവസ്തുക്കളാണ്‌ നമുക്ക്‌ ആശ്വാസം തരുന്നത്‌. 1. ഒരു നല്ല സന്തതി, 2. പവിത്രയായഭാര്യ, 3. സംസ്കാരമുള്ള സുഹൃത്തുക്കള്‍.”

ജീവിതത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്‌ പുരുഷന്‍ തന്നെ. ഉപജീവനമാര്‍ഗ്ഗവും ഗാര്‍ഹസ്ഥ്യവുമൊക്കെ ഗൃഹനാഥന്റെ ബാധ്യതകളാണ്‌. കൃഷിയോ കച്ചവടമോ പരിചരണമോ ആയ ജീവിതധര്‍മ്മവും സന്തതികളുടെ സംരക്ഷണവും പത്നിപരിലാളനവും സമൂഹത്തിലെ സുഹൃദ്ബന്ധവുമൊക്കെ നിലനിര്‍ത്താനാവശ്യമായ ഏകവസ്തുവാണ്‌ ധനം. അതുണ്ടെങ്കില്‍ എല്ലാമായി. അതില്ലെങ്കിലോ, ഒന്നും ഒരു കാലത്തും ആവുകയുമില്ല. അപ്പോള്‍ ഇതെല്ലാം വേണ്ടവിധത്തില്‍ പരിപാലിച്ച്‌ ഗൃഹസ്ഥധര്‍മ്മം പിന്തുടരുന്നതിന്‌ ക്ലേശമുണ്ട്‌. കുറച്ചൊന്നുമല്ല, വളരെ കൂടുതല്‍. ഇതിന്റെ വേദന പകല്‍മുഴുവന്‍ അനുഭവിച്ചുതീര്‍ത്ത്‌ വീട്ടിലെത്തുമ്പോള്‍ മാത്രമേ ആ ഗൃഹനാഥന്‌ അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നുള്ളൂ. കിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഓടിക്കളിക്കുന്ന തന്റെ പ്രിയപ്പെട്ട മകന്‍, ഇടത്തും വലത്തും താങ്ങായി നിന്ന്‌ തന്നെ പരിചരിക്കുന്ന പ്രിയപ്പെട്ട ഭാര്യ, പുറത്തിറങ്ങുമ്പോള്‍ സ്നേഹപ്രകടനം നടത്തുന്ന ബന്ധുക്കളും നാട്ടുകാരും ഈ പ്രത്യേക പരിതസ്ഥിതിയില്‍ ഗൃഹസ്ഥന്‍ തന്റെ ദുഃഖങ്ങള്‍ മറക്കുന്നു. അത്യുത്സാഹത്തോടെ ജീവിതചക്രം മുന്നോട്ട്‌ കൊണ്ടുപോകുന്നു.
മേല്‍പ്പറഞ്ഞ ആശ്വാസകാരണങ്ങള്‍ ഇല്ലെങ്കില്‍ മരുഭൂമിപോലെ ഉണങ്ങിവരണ്ടതാവും ജീവിതം. ചുട്ടുപഴുത്ത രീതിയില്‍ നില്‍ക്കുന്നതുപോലെ ദുഃസഹമായിരിക്കും നിലനില്‍പ്‌. ഇതിനമുന്‍പും കുടുംബബന്ധങ്ങളിലുള്ള ചാണക്യന്റെ പരിജ്ഞാനം മനസ്സിലാക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇവിടെയും അത്‌ പ്രോജ്ജ്വലിക്കുന്നു. മറക്കാതെ ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം ഗുരു ചാണക്യന്‍ അവിവാഹിതനായിരുന്നു എന്നുള്ളതാണ്‌.

Related News from Archive
Editor's Pick