ഹോം » ഭാരതം » 

പ്രതിപക്ഷ ബഹളം: ലോക്‌സഭയും രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു

August 1, 2011

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധമായി. 2ജി സ്പെക്ട്രം കേസില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനെത്തുടര്‍ന്നു രാജ്യസഭ 12 മണിവരെ നിര്‍ത്തി വച്ചു. യോഗം പുനരാരംഭിച്ചപ്പോഴും കര്‍ഷക ഭൂമിയേറ്റെടുക്കല്‍ നടപടിയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്നു രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. അന്തരിച്ച പ്രമുഖര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു ലോക് സഭയും ഇന്നത്തേക്കു പിരിഞ്ഞു.

രാജ്യസഭ രാവിലെ സഭ സമ്മേളിച്ച ഉടന്‍ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി അന്തരിച്ച നേതാക്കള്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അല്‍പ സമയത്തിന്‌ ശേഷം ബി.ജെ.പി അംഗങ്ങള്‍ ടൂ ജി സ്‌പെക്‌ട്രം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ ബഹളം വച്ചു. എ.ഐ.എ.ഡി.എം.കെ അംഗങ്ങളും ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ബഹളം നിയന്ത്രണാതീതമായി.

2ജി സ്പെക്ട്രം കേസില്‍ മുന്‍മന്ത്രി എ. രാജ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ചു വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാജ നടത്തിയ കുംഭകോണം സംബന്ധിച്ചു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിശദീകരണം നല്‍കണമെന്ന് എഐഡിഎഡിഎംകെ അംഗങ്ങളും ആവശ്യപ്പെടുകയായിരുന്നു.

മുംബൈ സ്ഫോടന പരമ്പര, വിദേശത്തെ കള്ളപ്പണ നിക്ഷേപം, മാവോയിസ്റ്റ് അതിക്രമങ്ങള്‍, തെലുങ്കാന, കര്‍ഷക ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick