ഹോം » വിചാരം » 

സുരക്ഷ കളിതമാശയാക്കരുത്‌

August 1, 2011

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന്‌ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിനകത്തെ ആറുനിലവറകളില്‍ അഞ്ചെണ്ണം തുറന്നപ്പോള്‍ ലോകത്തെ കണ്ണഞ്ചിപ്പിച്ചിരിക്കുന്നു. ആറാമത്തെ നിലവറ തുറക്കുന്നതുസംബന്ധിച്ച്‌ ഇനിയും അന്തിമതീരുമാനമായിട്ടില്ല. അഞ്ചുനിലവറകളില്‍ വിലമതിക്കാനാകാത്ത ഭഗവാന്റെ സ്വത്തുവിവരമാണ്‌ പുറംലോകം അറിഞ്ഞത്‌. അതോടെ ഇനി എന്ത്‌ എന്ന ചോദ്യം പരക്കെ ഉയരുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം വിദഗ്ദസംഘം സ്വത്തുവിവരങ്ങളുടെ മൂല്യം നിര്‍ണയിക്കാനും തിട്ടപ്പെടുത്താനുമുള്ള ജോലി ഇന്നലെ ആരംഭിച്ചിട്ടുണ്ട്‌.
ലക്ഷക്കണക്കിന്‌ കോടിരൂപ വിലമതിക്കുന്ന സ്വത്തുവിവരം അറിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പൂര്‍ണസംരക്ഷണം പ്രഖ്യാപിച്ചിരുന്നു. എന്തൊക്കെ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ വേണ്ടതെന്നതിനെക്കുറിച്ചുള്ള പഠനവും പരിശോധനയുമെല്ലാം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച്‌ പോലീസ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. കാര്യങ്ങളെല്ലാം അതിവേഗം ചെയ്തുതീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്‌ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ സുരക്ഷ വെറും കളിതമാശയായാണോ കാണുന്നതെന്ന സംശയം ഉടലെടുത്തിരിക്കുകയാണ്‌. കുറച്ച്‌ ദിവസങ്ങളായി മാധ്യമങ്ങള്‍ സുരക്ഷ സംബന്ധിച്ച്‌ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനകത്തെ മാലമോഷണങ്ങള്‍ ഉള്‍പ്പെടെ ഭക്തജനങ്ങളിലും ആശങ്കസൃഷ്ടിച്ചതാണ്‌.
എത്രചെലവുവന്നാലും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ അത്‌ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്‌. പക്ഷേ അതിനുശേഷമുള്ള നടപടികള്‍ക്ക്‌ വേഗതപോരെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാവല്‍നില്‍ക്കാനേല്‍പ്പിച്ച പോലീസുകാരും കമാണ്ടോകളും മതിയായ രീതിയിലായില്ലെന്ന തോന്നലാണ്‌ പരക്കെ. കമാണ്ടോകള്‍ ജനക്കൂട്ടമുള്ള സമയത്തുമാത്രമാക്കിയെന്ന വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളില്‍ അവര്‍ അധികം ദൂരയല്ലാത്ത സ്റ്റേഷനില്‍ തയ്യാറായി നില്‍പ്പുണ്ടാകും. വിവരം ലഭിച്ചാല്‍ 10 മിനിട്ടിനകം അവര്‍ക്കെത്താനാകുമെന്നൊക്കെയാണ്‌ അധികൃതരുടെ വിശദീകരണം. ക്ഷേത്രത്തിനടുത്ത്‌ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ട്‌ മാസമൊന്നായി. ഇനിയും അതിന്‌ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത്‌ അത്ഭുതകരമാണ്‌. ക്ഷേത്രംവക തന്നെ നിരവധി കെട്ടിടങ്ങള്‍ കിഴക്കേകോട്ടയിലും പടിഞ്ഞാറെ കോട്ടയിലുമെല്ലാം ഉണ്ടെന്നിരിക്കെ എന്താണ്‌ തടസ്സമെന്ന്‌ വ്യക്തമല്ല.ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ കാര്യങ്ങളൊക്കെ വിശദമായി മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചെങ്കിലും അതൊക്കെ എപ്പോള്‍വരുമെന്നതിനെക്കുറിച്ച്‌ ഒരു ധാരണയുമില്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതിയും കേള്‍ക്കാനിടയായി. നാലുമെറ്റല്‍ ഡിറ്റക്ടറുകളും പണിമുടക്കിയത്‌ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌ തന്നെ.
ഇതിനിടയിലാണ്‌ ക്ഷേത്രത്തിന്‌ വിളിപ്പാടകലെ വന്‍ തീപിടിത്തമുണ്ടായത്‌. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന്‌ തീ അണച്ചെങ്കിലും അത്‌ വലിയൊരു മുന്നറിയിപ്പായി സര്‍ക്കാര്‍ കാണണം. തീവന്നത്‌ വൈദ്യുതിയില്‍ നിന്നല്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. യാദൃശ്ചികമല്ലെന്നാണ്‌ സൂചനയെന്ന്‌ കളക്ടറും പറഞ്ഞിരിക്കുകയാണ്‌. ക്ഷേത്രത്തിന്‌ ചുറ്റും ഇതുപോലെ സുരക്ഷയ്ക്ക്‌ ഭീഷണിയുള്ള വ്യാപാരസ്ഥാപനങ്ങളും ആളുകളുമുണ്ടെന്നത്‌ വിസ്മരിച്ചുകൂട. ഒരു കൊടുംകുറ്റവാളിയെ മഹാരാജാവിനെക്കാള്‍ ആദരവോടെ ശ്രീപത്മനാഭന്റെ മുന്നില്‍ ചെന്ന്‌ തൊഴാന്‍ സൗകര്യമൊരുക്കികൊടുത്തത്‌ ക്ഷേത്രസുരക്ഷയ്ക്ക്‌ ചുമതലകിട്ടിയവരാണെന്നറിയുമ്പോള്‍ പല സംശയങ്ങളും ഉയരുകയാണ്‌. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവത്തില്‍ കാര്യങ്ങളെ കാണണം. ശക്തവും കുറ്റമറ്റതുമായ നിരീക്ഷണങ്ങള്‍ വേണം. ക്ഷേത്രാചാരങ്ങള്‍ക്കും ഭക്തന്മാരുടെ സൗകര്യങ്ങള്‍ക്കും ഭംഗംവരാതെ ജാഗ്രതപുലര്‍ത്താനും ശ്രദ്ധിക്കണം.

Related News from Archive
Editor's Pick