ഹോം » വാര്‍ത്ത » 

ലൈംഗികാപവാദം: ഗോപി കോട്ടമുറിക്കലിനെ സിപിഎം പുറത്താക്കി

August 1, 2011

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ്‌ പുറത്താക്കല്‍ തീരുമാനം ഉണ്ടായത്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം.വി. ഗോവിന്ദനാണ്‌ ജില്ലാ സെക്രട്ടറിയുടെ ചുമതല.
ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ഗോപിക്കെതിരെ നടപടിയെടുക്കുന്നതിന്‌ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗവും അതിനുശേഷം ജില്ലാ കമ്മറ്റി യോഗവും കൂടിയത്‌. പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുറത്താക്കല്‍ നടപടി സ്വീകരിച്ചത്‌.
മുളന്തുരുത്തി സ്വദേശിനിയായ ഒരു അഭിഭാഷകയുമായി സെക്രട്ടറിക്ക്‌ അവിഹിതബന്ധമുണ്ടെന്നും പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറി ഇതിനായി ദുരുപയോഗിച്ചെന്നും ആരോപിച്ച്പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ.എ. ചാക്കോച്ചനാണ്‌ സംസ്ഥാന നേതൃത്വത്തിന്‌ പരാതി സമര്‍പ്പിച്ചത്‌. പരാതിയെത്തുടര്‍ന്ന്‌ കഴിഞ്ഞ മാസം 23 ന്‌ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ്‌ ചേര്‍ന്നത്‌. എന്നാല്‍ യോഗത്തില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന്‌ പ്രശ്നം സംസ്ഥാനസമിതിക്ക്‌ വിട്ടുകൊണ്ട്‌ പിണറായി യോഗത്തില്‍നിന്നും ഇറങ്ങിപ്പോവുകയാണുണ്ടായത്‌.
ലൈംഗികാരോപണത്തെത്തുടര്‍ന്ന്‌ സിപിഎമ്മില്‍നിന്നും അടുത്തിടെ പുറത്താകുന്ന രണ്ടാമത്തെ ജില്ലാ സെക്രട്ടറിയാണ്‌ ഗോപി കോട്ടമുറിക്കല്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയിട്ട്‌ ആഴ്ചകളെ ആയിട്ടുള്ളൂ. പാര്‍ട്ടിയിലെ ഒരു തലമുതിര്‍ന്ന നേതാവും ഡിവൈഎഫ്‌ഐ നേതാവുമാണ്‌ പി. ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിന്‌ രേഖാമൂലം പരാതി സമര്‍പ്പിച്ചത്‌. നേതാവിന്റെ മകളെയും യുവനേതാവിന്റെയും ഭാര്യയെയും ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.
എറണാകുളം ജില്ലാ സെക്രട്ടറി ഗോപിക്കെതിരെ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവുതന്നെ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നല്‍കിയത്‌ പിണറായി പക്ഷത്തെ വെട്ടിലാക്കി. ജില്ലാ സെക്രട്ടറിക്ക്‌ അവിഹിതബന്ധമുണ്ടെന്ന്‌ പറയുന്ന അഭിഭാഷകയെ ഗവ. പ്ലീഡറാക്കുന്നതിന്‌ വേണ്ടി സെക്രട്ടറി വഴിവിട്ട്‌ സഹായിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്‌. പി. ശശിക്കെതിരെ പരാതി ലഭിച്ചെങ്കിലും നടപടി എടുക്കാന്‍ പാര്‍ട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട്‌ ഗത്യന്തരമില്ലാതായപ്പോള്‍ അതിന്‌ തയ്യാറാവുകയായിരുന്നു. നടപടി വൈകിച്ചത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണമുണ്ടാക്കിയതായി പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു. ഈ കാരണത്താലാണ്‌ കോട്ടമുറിക്കലിനെതിരെ വൈകാതെതന്നെ നടപടിയുണ്ടായതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
നടപടിക്ക്‌ വിധേയരായ രണ്ടുപേരും പിണറായിപക്ഷക്കാരാണ്‌. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്‌ അച്യുതാനന്ദന്‍ പക്ഷവും. എറണാകുളം ജില്ലയില്‍ ഗോപി കോട്ടമുറിക്കലിനെ കൂടാതെ രണ്ട്‌ പ്രാദേശിക നേതാക്കളും അടുത്തിടെ പാര്‍ട്ടിയില്‍നിന്നും പുറത്തായിട്ടുണ്ട്‌. മഴുവന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, കോലഞ്ചേരി ഏരിയാ കമ്മറ്റിയംഗം കെ.എം. എല്‍ദോ എന്നിവരാണിവര്‍. പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുവരും ഇപ്പോള്‍ ജയിലിലാണ്‌.
കുറച്ചുകാലം മുമ്പുവരെ അച്യുതാനന്ദന്‍ പക്ഷത്തെ പ്രമുഖനായിരുന്ന ഗോപി കോട്ടമുറിക്കല്‍ ചില പ്രത്യേക കാരണങ്ങള്‍കൊണ്ട്‌ പിണറായിപക്ഷത്തേക്ക്‌ ചേക്കേറുകയായിരുന്നു. സംസ്ഥാനത്ത്‌ അച്യുതാനന്ദന്‍പക്ഷം ശക്തമായി നിലയുറപ്പിച്ചിരുന്ന എറണാകുളം ജില്ലാ കമ്മറ്റി കോട്ടമുറിക്കലിന്റെ ചുവടുമാറ്റത്തോടെ ഇളക്കം തട്ടിയിരുന്നു. എസ്‌. ശര്‍മ്മ, കെ. ചന്ദ്രന്‍പിള്ള, എം.സി. ജോസഫൈന്‍, കെ.എ. ചാക്കോച്ചന്‍ എന്നിവരാണ്‌ ജില്ലയിലെ അച്യുതാനന്ദന്‍പക്ഷത്തെ പ്രമുഖര്‍. പി. രാജീവും ദിനേശ്മണിയും എ.എസ്‌. മോഹനനും മാത്രം നേതൃത്വം കൊടുത്തിരുന്ന പിണറായിപക്ഷത്തിന്‌ കോട്ടമുറിക്കലിന്റെ വരവോടെ ആവേശം പകര്‍ന്നിരുന്നു. ഗോപി കോട്ടമുറിക്കലിന്റെ തകര്‍ച്ചയോടെ അടുത്തുവരുന്ന ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി പൂര്‍ണമായും തങ്ങളുടെ കൈകളിലാക്കാം എന്നാണ്‌ അച്യുതാനന്ദന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. സപ്തംബര്‍ ഒന്നുമുതല്‍ ബ്രാഞ്ച്‌ സമ്മേളനം ആരംഭിക്കും.
സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick