ഹോം » വാര്‍ത്ത » 

എന്‍ഡോസള്‍ഫാന്‌ കേന്ദ്രത്തിന്റെ ക്ലീന്‍ചിറ്റ്‌

August 2, 2011

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാസര്‍കോഡ്‌ ജില്ലയിലെ ദുരിതങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും അതുകൊണ്ടുതന്നെ കീടനാശിനിയുടെ നിരോധനം അനാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ അനുമതി കൂടാതെ എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനം എന്‍ഡോസള്‍ഫാന്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നതായും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഡിവൈഎഫ്‌ഐയുടെ ഹര്‍ജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്‌. മറ്റ്‌ രാജ്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച്‌ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്റെ ഉപയോഗം പതിനൊന്ന്‌ വര്‍ഷംകൊണ്ട്‌ കുറച്ചാല്‍ മതി. അടിയന്തരമായി നിരോധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹസാര്‍ഡ്സ്‌ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട്‌ പരിമിതമായിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേന്ദ്ര കൃഷിമന്ത്രാലയത്തിനുവേണ്ടി ഡയറക്ടര്‍ വന്ദന ജെയ്ന്‍ ആണ്‌ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick