ഹോം » പൊതുവാര്‍ത്ത » 

വിലക്കയറ്റം: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

August 3, 2011

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ നയങ്ങളാണ്‌ വില വര്‍ദ്ധനവിന്‌ കാരണമെന്ന്‌ പ്രതിപക്ഷം. പാവപ്പെട്ടവരെയും, സാധാരണക്കാരെയും സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളാണ്‌ സ്വീകരിച്ചതെന്ന്‌ വിലക്കയറ്റത്തെ കുറിച്ച്‌ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.

വില വര്‍ദ്ധനവില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിന്‍ഹ, യു.പി.എ സര്‍ക്കാരിനെ കടന്നാക്രമിച്ചു. യശ്വന്ത്‌ സിന്‍ഹയാണ്‌ പാര്‍ലമെന്റില്‍ വിലക്കയറ്റത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്‌. സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ട്‌ ലാഭമുണ്ടായത്‌ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്കും, കരിഞ്ചന്തക്കാര്‍ക്കും, കള്ളന്മാര്‍ക്കുമാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഇവര്‍ സാധാരക്കാരില്‍ നിന്ന്‌ ചൂഷണം ചെയ്‌തത്‌ ആറ്‌ ലക്ഷം കോടി രൂപയാണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഏതു സമയവും വളര്‍ച്ചയെ കുറിച്ചാണ്‌ സംസാരിക്കുന്നത്‌. എന്നാല്‍ വളര്‍ച്ച എന്താണെന്ന്‌ പറയാന്‍ തയ്യാറാകുന്നില്ല. വളര്‍ച്ച കൈവരിച്ചു എന്നു പറയുമ്പോഴും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുകയാണ്‌ ചെയ്യുന്നത്‌. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക്‌ മൊത്ത ആഭ്യന്തര വളര്‍ച്ച എന്നത്‌ എന്താണെന്ന്‌ പോലും അറിയില്ലെന്നും സിന്‍ഹ വിമര്‍ശിച്ചു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ലെങ്കില്‍, 1653ല്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഒലിവര്‍ ക്രോംവെല്‍ പറഞ്ഞതു പോലെ ദൈവത്തെ ഓര്‍ത്തെങ്കിലും വില വര്‍ദ്ധനയെ കുറിച്ച്‌ പരിശോധിച്ചു കൂടെയെന്ന്‌ പാര്‍ലമെന്റിന്‌ പറയേണ്ടി വരുമെന്നും സിന്‍ഹ പരിഹസിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരോക്ഷമായി വിമര്‍ശിക്കാനും സിന്‍ഹ മടിച്ചില്ല. മ്രന്‍മോഹന്‍ സിംഗ്‌ രാജ്യസഭാംഗമായതിനാല്‍ അദ്ദേഹം സന്തോഷവാനാണ്‌. അദ്ദേഹം മാത്രമല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പാര്‍ലമെന്റില്‍ എത്തിയ എല്ലാവരുമെന്നും സിന്‍‌ഹ പറഞ്ഞു.

Related News from Archive
Editor's Pick