ഹോം » വിചാരം » 

ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളി

August 3, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ. കാസര്‍കോഡ്‌ ജില്ലയിലെ ദുരിതങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും അതുകൊണ്ടുതന്നെ കീടനാശിനിയുടെ നിരോധനം അനാവശ്യമാണെന്നുമാണ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്‌.
2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനം എന്‍ഡോസള്‍ഫാന്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നതായും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ വന്ന്‌ കേസില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ്‌ ജനദ്രോഹപരമായ നിലപാട്‌ കേന്ദ്രകൃഷി മന്ത്രാലയം നല്‍കിയത്‌.
കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്‌. മറ്റ്‌ രാജ്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച്‌ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്റെ ഉപയോഗം പതിനൊന്ന്‌ വര്‍ഷംകൊണ്ട്‌ കുറച്ചാല്‍ മതി. അടിയന്തരമായി നിരോധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്റെ ഉപയോഗം മൂലം ഒരു താലൂക്കിലെ ജനങ്ങള്‍ എത്രമാത്രം കഷ്ടനഷ്ടങ്ങള്‍ക്കിരയായി എന്ന്‌ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്‌. തുടര്‍ന്ന്‌ കേന്ദ്രത്തിന്റേതടക്കം വിവിധ ഏജന്‍സികള്‍ പഠനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ്‌ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാത്ത സത്യാവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരായി ശരിയായ നിലപാട്‌ തങ്ങളുടേതെന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ കേന്ദ്രത്തെ തിരുത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചേ പറ്റൂ.

Related News from Archive
Editor's Pick