മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന്‌ തമിഴ്‌നാട്‌

Thursday 4 August 2011 12:41 pm IST

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പ്രസംഗത്തിനിടെ ധനമന്ത്രി പനീര്‍ശല്‍വമാണ്‌ സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കിയത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ അനുവദിക്കില്ല. പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്‍റെ ശ്രമത്തെ ശക്തമായി നേരിടും. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബജറ്റ്‌ പ്രസംഗത്തില്‍ ശെല്‍വം വ്യക്തമാക്കി. ഇപ്പോഴത്തെ അണക്കെട്ട് ശക്തമാണ്. കേരളം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതിയില്‍ വിചാരണ തുടരുന്ന മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് അനുകൂലമായ വിധി സമ്പാദിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ബജറ്റ് ഡി.എം.കെ ബഹിഷ്ക്കരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നു ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭാ കക്ഷി നേതാവ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയത്. ഭൂമി കൈയേറ്റ കേസില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരേ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.