ആ‍ലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

Friday 5 August 2011 1:26 pm IST

ആലുവ: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവയിലെ പറവൂര്‍ കവലയിലെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന 8,500 ലിറ്റര്‍ സ്പിരിറ്റും സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച അഞ്ച് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. ഓണക്കാലം ലക്ഷ്യമിട്ട് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം ഗോഡൌണില്‍ റെയ്ഡ് നടത്തിയത്. ഗോഡൌണിലെ ഭൂഗര്‍ഭ അറയില്‍ നിന്നും കന്നാസുകളിലാക്കിയ ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 35 ലിറ്ററിന്റെ 250 കന്നാസുകളിലാണു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം എത്തിയപ്പോള്‍ വാഹനങ്ങളിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. വലിയ ലോറികളില്‍ എത്തിക്കുന്ന സ്പിരിറ്റ് ഗോഡൌണില്‍ എത്തിച്ച ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാ‍യ വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന യുവതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ പ്രമുഖ അബ്‌കാരി ഗ്രൂപ്പുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് എക്സൈസ് സംഘത്തിന് സംശയമുണ്ട്.