ഹോം » പ്രാദേശികം » കോട്ടയം » 

ദേവീഭാഗവതസത്രം വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും

August 5, 2011

പന്തളം : പന്തളം തോന്നല്ലൂറ്‍ പാട്ടുപുരക്കാവ്‌ ഭഗവതിക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന രണ്ടാമത്‌ അഖില കേരള ദേവീഭാഗവത സത്രത്തിനുള്ള വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിന്നും, സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹവുമായുള്ള ഘോഷയാത്ര ഇന്നു രാവിലെ ൮ മണിക്ക്‌ ദേവസ്വം വകുപ്പുമന്ത്രി വി.എസ്‌. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വരുന്ന ഘോഷയാത്ര കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ വിശ്രമിക്കും. നാളെ രാവിലെ ൬ന്‌ അവിടെനിന്നും യാത്ര തിരിക്കുന്ന ഘോഷയാത്ര ഉച്ചയ്ക്ക്‌ ൨.൩൦ന്‌ പന്തളം കുരമ്പാല പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട്‌ ൫ മണിക്ക്‌ പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മ രാജ ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യും. പാരായണം ചെയ്യുന്നതിനുള്ള ദേവീഭാഗവതഗ്രന്ധവുമായുള്ള ഘോഷയാത്ര നാളെ രാവിലെ ൮ മണിക്ക്‌ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പനച്ചിക്കാട്‌ ശ്രീസരസ്വതീ ക്ഷേതിരത്തില്‍ ഉദ്ഘാടനം ചെയ്യും. ഈ രണ്ട്‌ ഘോഷയാത്രകളും കലവറനിറയ്ക്കല്‍ ഘോഷയാത്രയും പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക്‌ ൨.൩൦ന്‌ എല്ലാ ഘോഷയാത്രകളും ചേര്‍ന്ന്‌ മഹാഘോഷയാത്രയായി വൈകിട്ട്‌ ൪ മണിക്ക്‌ പാട്ടുപുരക്കാവ്‌ ഭഗവതീക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന്‌ ദേവീബിംബ പ്രതിഷ്ഠയും ധ്വജാരോഹണവും ക്ഷേത്രതന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. ഗുരുവായൂറ്‍ ക്ഷേത്രം തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നിര്‍വഹിക്കും. രാത്രി ൭ന്‌ ആചാര്യവരണം നടക്കും. തുടര്‍ന്ന്‌ യജ്ഞാചാര്യന്‍ ഭാഗവതോത്തംസം ശിവാഗമചൂഡാമണി അഡ്വ. റ്റി.ആര്‍. രാമനാഥന്‍, വടക്കന്‍ പറവൂറ്‍ ദേവീഭാഗവത പാരായണ മാഹാത്മ്യവും പ്രഭാഷണവും നടത്തുമെന്ന്‌ സത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സത്രസമിതി ജോയിണ്റ്റ്‌ കണ്‍വീനര്‍ ഐഡിയല്‍ ശ്രീകുമാര്‍, പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. രവി, കണ്‍വീനര്‍ മുണ്ടക്കല്‍ ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick