കാശ്മീരി പണ്ഡിറ്റുകളെ പിന്തുണച്ച്‌ യുഎസ്‌ പ്രതിനിധിസഭയില്‍ പ്രമേയം

Friday 5 August 2011 8:28 pm IST

വാഷിംഗ്ടണ്‍: കാശ്മീരി പണ്ഡിറ്റുകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായും മതസ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നും അമേരിക്കന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വളരെ സ്വാധീനമുള്ള ഫ്രാങ്ക്‌ പുള്ളോണ്‍ ആണ്‌ അമേരിക്കന്‍ പ്രതിനിധിസഭയില്‍ അന്തര്‍ദേശീയ സ്വഭാവമുള്ള ഈ പ്രമേയം അവതരിപ്പിച്ചത്‌.
രണ്ട്‌ പതിറ്റാണ്ടുകളായി കാശ്മീരി പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ഭീകരാക്രമണങ്ങളും മതസ്വാതന്ത്ര്യമില്ലായ്മയും പ്രമേയം അപലപിക്കുന്നു. കാശ്മീരിലെ ഭീകരവാദ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടണമെന്നും ഭീകരവാദികളുടെ പ്രവൃത്തികള്‍ക്ക്‌ അവര്‍ ഉത്തരം നല്‍കേണ്ട സ്ഥിതിഗതികള്‍ സംജാതമാക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെടുന്നു. യുഗങ്ങളായി കാശ്മീരി പണ്ഡിറ്റുകള്‍ അവിടത്തെ ജനതതിയായിരുന്നുവെന്നും അവര്‍ക്കെതിരെ മനുഷ്യാവകാശധ്വംസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും രണ്ട്‌ പതിറ്റാണ്ടായി മതസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കാശ്മീരില്‍ 1989 ല്‍ നാല്‌ ലക്ഷം പണ്ഡിറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന്‌ അവരുടെ സംഖ്യ കേവലം നാലായിരമായി കുറഞ്ഞിരിക്കുന്നു. പലരും ഇന്ന്‌ അഭയാര്‍ത്ഥിക്യാമ്പുകളിലാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മീഷനും കാശ്മീരി പണ്ഡിറ്റുകളുടെ നേരെയുള്ള വിദേശ ഭീകരരുടെയും ഭീകരവാദി സംഘടനകളുടെയും ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്‌.
പ്രമേയത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്വാഗതംചെയ്തു. കാശ്മീരി പണ്ഡിറ്റുകളുടെ ദുര്‍വിധിക്കെതിരായി അമേരിക്കയിലെ നയരൂപീകരണ വിദഗ്ധര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ ഈ നിര്‍ണായക വസ്തുത പുള്ളോണ്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്‌ സ്വാഗതാര്‍ഹമാണെന്ന്‌ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സമീര്‍ കല്‍റ അറിയിച്ചു. സഭയില്‍ പുള്ളോണിന്റെ സഹായത്തോടെ ഈ പ്രശ്ന കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷംപ്രകടിപ്പിച്ചു. ഈ നടപടി ലോകം മുഴുവന്‍ മതസ്വാതന്ത്ര്യം കൊണ്ടുവരാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ്‌ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം അറിയിച്ചു.