ഹോം » ഭാരതം » 

ഷീലാ ദീക്ഷിത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ

August 6, 2011

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ സിഎജിയുടെ വിമര്‍ശനം നേരിട്ട ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്‌ കോണ്‍ഗ്രസിന്റെ പിന്തുണ. ഷീലാ ദീക്ഷിത്‌ അഴിമതി നടത്തിയതായി എവിടെയും പറയുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്‍റെ പേരില്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഷീലയ്ക്കെതിരേ യാതൊരു തരത്തിലുള്ള തെളിവുകള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നില്ല. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സെവന്‍ റേസ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേര്‍ന്നത്. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി എന്നിവര്‍ പങ്കെടുത്തു.

അതേസമയം സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന്‌ ഷീലാ ദീക്ഷിത്‌ ഇന്ന്‌ പ്രതികരിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ പാര്‍ലമെന്ററി കമ്മിറ്റിയുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഷീലാ ദീക്ഷിത്‌ രാജിവക്കണമെന്ന്‌ ബിജെപി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick