ഹോം » വാര്‍ത്ത » ലോകം » 

സിറിയന്‍ പ്രസിഡന്റിന്‌ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും രൂക്ഷവിമര്‍ശനം

August 6, 2011

ഡമാസ്കസ്‌: പ്രകടനക്കാര്‍ക്കുനേരെ വിവേചനരഹിതമായി അക്രമം അഴിച്ചുവിടുന്ന സിറിയന്‍ പ്രസിഡന്റ്‌ ബഷര്‍ അല്‍ ആസാദിന്റെ നടപടിയെ അമേരിക്കന്‍, ഫ്രഞ്ച്‌, ജര്‍മന്‍ നേതാക്കള്‍ അപലപിച്ചു. പ്രസിഡന്റ്‌ ബറാക്‌ ഒബാമ സിറിയക്കെതിരെയുള്ള നടപടികളെക്കുറിച്ച്‌ ആലോചിക്കുന്നതിനായി ഫ്രാന്‍സിലെ നിക്കോളാസ്‌ സര്‍ക്കോസിയേയും ജര്‍മനിയുടെ ആഞ്ചലമെര്‍ക്കലിനേയും ബന്ധപ്പെട്ടതായി വൈതൗസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാജ്യത്തുടനീളമുണ്ടായ അസ്വസ്ഥതകളില്‍ സുരക്ഷാ ഭടന്മാര്‍ 24 പേരെയെങ്കിലും വെടിവച്ച്‌ കൊന്നതായി സിറിയന്‍ പ്രകടനക്കാര്‍ അറിയിച്ചു. ആസാദ്‌ ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിതമായ നരനായാട്ടിനെ നേതാക്കള്‍ അപലപിച്ചതായി വൈതൗസ്‌ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഐക്യരാഷ്ട്രരക്ഷാ സമിതിയുടെ ആഗസ്റ്റ്‌ മൂന്നിലെ പ്രസ്താവനയെ സ്വാഗതം ചെയ്ത നേതാക്കള്‍ സിറിയക്കാരെ സംരക്ഷിക്കാനും ആസാദ്‌ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള ചില നടപടികളെക്കുറിച്ച്‌ ആലോചിക്കുന്നതില്‍ യോജിപ്പിലെത്തിയിട്ടുണ്ട്‌. നടപടി എന്തായിരിക്കും എന്നതിനെക്കുറിച്ച്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത്‌ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി പ്രസിഡന്റ്‌ ആസാദിനോട്‌ അധികാരമൊഴിയാന്‍ അമേരിക്ക ആവശ്യപ്പെട്ടേക്കുമെന്ന്‌ വാര്‍ത്താ ലേഖകര്‍ കരുതുന്നു.
ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സിറിയക്കാരോട്‌ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. വെള്ളിയാഴ്ച റംസാന്‍ പ്രാര്‍ത്ഥന കഴിഞ്ഞ്‌ ആയിരക്കണക്കിന്‌ സിറിയക്കാര്‍ തെരുവിലിറങ്ങിയപ്പോഴാണ്‌ അമേരിക്കയുടെ പ്രസ്താവന പുറത്തുവന്നത്‌. ഹാമാ നഗരത്തില്‍നിന്നും പ്രക്ഷേപണം നടത്തുന്ന സിറിയന്‍ ടിവി നഗരം സര്‍ക്കാരിന്റെ അധീനതയിലാണെന്ന്‌ അറിയിച്ചു. എതിര്‍ ഗ്രൂപ്പുകളുടെ മേല്‍ വിജയം നേടാനായി ടാങ്കുകളും പട്ടാളക്കാരും നിറഞ്ഞ നഗരത്തില്‍ ദിവസങ്ങളായി ബോംബ്‌ സ്ഫോടനങ്ങള്‍ അരങ്ങേറുകയാണ്‌.
ഡമാസ്കസിന്റെ പരിസരപ്രദേശത്ത്‌ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ഇന്റര്‍നെറ്റിലൂടെ കണ്ട വീഡിയോ ദൃശ്യങ്ങളില്‍ തലസ്ഥാനത്തെ ജനക്കൂട്ടം മരണംവരെ തങ്ങള്‍ ഹാമാ നഗരത്തിനൊപ്പമാണെന്നും പ്രസിഡന്റ്‌ ബഷാര്‍ അല്‍ ആസാദ്‌ രാജ്യം വിടണമെന്നും മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അബ്ദുള്‍ കരിം റിഹാവിയുടെ കണക്കുപ്രകാരം ഏതാണ്ട്‌ 30,000 ആളുകള്‍ ഡെന്‍ അല്‍ സോര്‍ പട്ടണത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചശേഷം 2000 പേരെങ്കിലും സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ ആസാദ്‌ പരിഷ്ക്കാരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സായുധരായ കൂട്ടങ്ങള്‍ ലഹളകള്‍ ഉണ്ടക്കുന്നുവെന്നും അവര്‍ക്ക്‌ വിദേശരാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അറിയിച്ചു. അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ സിറിയയില്‍ കടക്കാന്‍ അനുവദിക്കാത്തതിനാല്‍ എതിര്‍പക്ഷവും ദൃക്‌സാക്ഷികളും നല്‍കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന്‌ പരിശോധിക്കാന്‍ കഴിയാറില്ല.

കലാപത്തെ യുഎന്‍ രക്ഷാസമിതി അപലപിച്ചിരുന്നു. സിറിയയുടെ സഖ്യകക്ഷിയായ റഷ്യയിലെ പ്രസിഡന്റ്‌ ഡിമിട്രി മെദ്‌വദേവ്‌ പരിഷ്ക്കാരങ്ങള്‍ ആരംഭിക്കുകയും പ്രതിഷേധവുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തില്ലെങ്കില്‍ സിറിയന്‍ പ്രസിഡന്റ്‌ ദുഃഖകരമായ വിധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന്‌ യുഎന്‍ മുന്നറിയിപ്പ്‌ നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick