ഹോം » ലോകം » 

ഭീകരതയെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന്‌ പാക്‌ മന്ത്രി

August 6, 2011

ഇസ്ലാമാബാദ്‌: ഭീകരവാദത്തിന്റെ വേരുകള്‍ പിഴുതെറിയുന്നതിന്‌ ഇന്ത്യയോടൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌. ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിന്‌ എല്ലാ രാജ്യങ്ങളും പൂര്‍ണ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ അന്ത്യത്തിനായി ഇന്ത്യയോടുംഅന്തര്‍ദേശീയ സമൂഹത്തോടുമൊപ്പം സഹകരിക്കുമെന്ന്‌ മാലിക്‌ ട്വിറ്ററില്‍ വെളിപ്പെടുത്തി.
എല്ലാ രാജ്യങ്ങളുമായും പരസ്പരം പൂര്‍ണ ഉത്തരവാദിത്തത്തോടെ പോരാടിയെങ്കില്‍ മാത്രമേ ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മാലിക്‌ കൂട്ടിച്ചേര്‍ത്തു. ജൂലൈ 31 ന്‌ മുംബൈയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട്‌ പി. ചിദംബരത്തിന്റെ അഭിപ്രായത്തെ മാലിക്‌ പ്രശംസിക്കുകയും ചെയ്തു.
രാഷ്ട്രത്തിലെ സമാധാനത്തിനും നിലനില്‍പ്പിനും ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ വേദനിക്കുന്നുണ്ടെന്നും മാലിക്‌ പറഞ്ഞു. പ്രശ്നത്തില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ച വേണമെന്ന്‌ മാലിക്‌ അറിയിച്ചു. ഭീകരവാദമില്ലാത്ത സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടി സത്യസന്ധമായ നിര്‍ദ്ദേശങ്ങള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന ചിദംബരത്തിന്‌ മാലിക്‌ ആശംസ നേര്‍ന്നു. ചിദംബരത്തിന്റെ കഴിവില്‍ തനിക്ക്‌ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick