ഹോം » കേരളം » 

ആംവേ കേന്ദ്രങ്ങളില്‍ റെയ്ഡ്‌

August 6, 2011

കൊച്ചി: ആംവേ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി പോലീസ്‌ റെയ്ഡ്‌ നടത്തി. കൊച്ചിയില്‍ വൈറ്റിലയിലുള്ള ആംവേ വില്‍പനശാലയില്‍ രാവിലെ മുതല്‍ വൈകിട്ട്‌ വരെ റെയ്ഡ്‌ നടന്നു. ഉത്തരമേഖലാ എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം വയനാട്‌ ജില്ലയില്‍ നിന്നുള്ള പോലീസുകാരാണ്‌ റെയ്ഡ്‌ നടത്തിയത്‌. എറണാകളം, കോഴിക്കോട്‌, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും റെയ്ഡ്‌ നടന്നു.
കൊച്ചിയില്‍ റെയ്ഡിന്റെ ഫോട്ടോ എടുത്ത തേജസ്‌ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ നിതിന്‍, റിപ്പോര്‍ട്ടര്‍ അഹമ്മദ്‌ എന്നിവരെ ആംവേയിലെ ജീവനക്കാര്‍ തടഞ്ഞുവച്ചു. പത്രലേഖകരും ഫോട്ടോഗ്രാഫര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ഇവരെ വിട്ടയച്ചത്‌. പരാതിയെത്തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഡിവൈഎസ്പി സജീവന്‍, വലപ്പാട്‌ സിഐ വി.ജി. രവീന്ദ്രനാഥ്‌, പനങ്ങാട്‌ എസ്‌ഐ കെ.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊച്ചിയില്‍ റെയ്ഡ്‌ നടന്നത്‌.
ഇന്ത്യയിലും വിദേശത്തും മണിചെയിന്‍ മാതൃകയില്‍ സാധനങ്ങള്‍ വില്‍പന നടത്തിവരുന്ന സ്ഥാപനമാണ്‌ ആംവേ. കേരളത്തില്‍ തന്നെ ആയിരക്കണക്കിനാളുകള്‍ ഈ സ്ഥാപനത്തിന്റെ വില്‍പനയില്‍ കണ്ണികളായുണ്ട്‌. മണിച്ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സ്ഥാപനത്തിന്‌ അനുമതി ഇല്ലായിരുന്നുവെന്നും പണം നിക്ഷേപിച്ച ചിലര്‍ക്ക്‌ സാമ്പത്തിക നഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി നല്‍കിയതെന്നും സൂചനയുണ്ട്‌. രാവിലെ ആരംഭിച്ച റെയ്ഡ്‌ വൈകിട്ട്‌ 6 മണിയോടെയാണ്‌ പൂര്‍ത്തിയാക്കിയത്‌. പരിശോധനക്കുശേഷം ഷട്ടറുകള്‍ പൂട്ടി സീല്‍ ചെയ്തശേഷമാണ്‌ പോലീസ്‌ സ്ഥലത്തുനിന്നും മടങ്ങിയത്‌.
ഇതിനിടെ, സംസ്ഥാനത്തെ ആംവെ ഓഫീസുകളില്‍ ശനിയാഴ്ച പോലീസ്‌ നടത്തിയ റെയ്ഡ്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ആംവെ പത്രക്കുറിപ്പില്‍ പറഞ്ഞു. വയനാട്‌ പോലീസിന്റെ നേതൃത്വത്തിലുള്ള ഈ നടപടി കമ്പനിയെ സംബന്ധിച്ചേടത്തോളം വലിയ ആഘാതവും അത്ഭുതമുളവാക്കുന്നതുമാണ്‌. ഇത്രയും വിപുലമായ ഒരന്വേഷണത്തിന്‌ മുതിരുന്നതിന്‌ മുന്‍പ്‌ ഇതിനാധാരമായ പരാതിയെകുറിച്ച്‌ ആംവെയെ അറിയിക്കാന്‍ പോലീസ്‌ ബാദ്ധ്യസ്ഥമായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick