ഹോം » പൊതുവാര്‍ത്ത » 

പിണറായിപക്ഷത്തിനെതിരെ വി.എസ്‌ പരാതി നല്‍കി

August 6, 2011

കൊല്‍ക്കത്ത: തന്നെ പിന്തുണച്ച്‌ പ്രകടനം നടത്തിയവരെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയ പിണറായിപക്ഷത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനാണ്‌ വിഎസ്‌ പരാതി കൈമാറിയതെന്ന്‌ അറിയുന്നു.
വിഎസ്‌ അനുകൂല പ്രകടനം നടത്തിയ ചിലരെ അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയിരുന്നു. ഈ നടപടിയെ വിഎസ്‌ വിമര്‍ശിച്ചിരുന്നു. ഇത്‌ പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ വിഎസിനെതിരെ പിണറായിപക്ഷം കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ചര്‍ച്ച നടത്താന്‍ പൊളിറ്റ്ബ്യൂറോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ്‌ വിഎസും പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്‌. അച്ചടക്ക നടപടികള്‍ പാര്‍ട്ടിവിരുദ്ധമാണെന്നും സമ്മേളനം പ്രഖ്യാപിച്ച കാലത്തെ ഇത്തരം നടപടികള്‍ അനുചിതമാണെന്നും വിഎസ്‌ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന്‌ ആദ്യം സീറ്റ്‌ നിഷേധിച്ചപ്പോള്‍ അതിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ്‌ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്‌.
ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട്‌ എം.എം. ലോറന്‍സ്‌ നടത്തിയ പ്രസ്താവനകള്‍ക്ക്‌ മറുപടിയില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കാനുമില്ല. കുഞ്ഞനന്തന്‍നായരുടെ വീടിന്‌ സമീപമുള്ള പരിപാടിയില്‍ പങ്കെടുത്തുകഴിഞ്ഞപ്പോള്‍ അസുഖബാധിതനായിരിക്കുന്ന അദ്ദേഹത്തെ കാണാന്‍ പോവുകയായിരുന്നു. അതില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ല, വിഎസ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

Related News from Archive
Editor's Pick