അരക്കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

Saturday 6 August 2011 11:28 pm IST

മംഗലാപുരം: തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ട്‌ പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി. അരക്കോടിയോളം രൂപ വിലമതിക്കുന്ന വിഷ്ണു നാഗ വിഗ്രഹങ്ങളാണ്‌ കണ്ടെത്തിയത്‌. മംഗലാപുരം, കാപ്പു, ബളപ്പു, കളത്തൂരിലാണ്‌ സംഭവം. ഇവിടെ കഴിഞ്ഞ ദിവസം രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവം ഉണ്ടായിരുന്നു. വാഹനങ്ങളിലെത്തിയ സംഘങ്ങളാണ്‌ ഏറ്റുമുട്ടിയത്‌. ഈ വിവരം നാട്ടുകാരാണ്‌ പോലീസിനെ അറിയിച്ചിരുന്നത്‌. പോലീസ്‌ എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നുവത്രെ. പോലീസ്‌ തിരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ പുരാതനായ രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്‌. എവിടെ നിന്നെങ്കിലും കവര്‍ച്ച ചെയ്തു കൊണ്ടുവന്ന വിഗ്രഹങ്ങള്‍ കൈമാറുന്നതിനെച്ചൊല്ലിയായിരിക്കും വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്നു സംശയിക്കുന്നു. തര്‍ക്കത്തിനിടയില്‍ വിഗ്രഹങ്ങള്‍ തോട്ടില്‍ ഉപേക്ഷിച്ചുകടന്നു കളയുകയായിരുന്നവെന്നു കരുതുന്നു. വിഗ്രഹങ്ങള്‍ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.