മുണ്ടംവേലിയിലെ നിയമലംഘനം

Sunday 7 August 2011 9:30 pm IST

കേരള സുസ്ഥിര നഗരവികസന പരിപാടിയുടെ ഭാഗമായി ലോകബാങ്ക്‌, എഡിബി തുടങ്ങിയവയുടെ സാമ്പത്തിസ സഹായത്താല്‍ ജനുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സീവേജ്‌ സംസ്ക്കരണ പ്ലാന്റിന്‌ വേണ്ടി കൊച്ചി മുണ്ടംവേലിയില്‍ നശിപ്പിക്കുന്ന തണ്ണീര്‍ത്തടങ്ങളും കണ്ടലുകളും തീരദേശ സംരക്ഷണനിയമപ്രകാരം സി.ആര്‍.ഇസഡ്‌ ഒന്നില്‍ ഉള്‍പ്പെടുന്നതാണെന്ന്‌ പഠന സംഘം കണ്ടെത്തി. ഈ ദ്രവമാലിന്യസംസ്കരണ പ്ലാന്റിനുവേണ്ടി 2011 മേയ്‌ 16 മുതല്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തിയും നശീകരണപ്രവര്‍ത്തനങ്ങള്‍കൊച്ചി കോര്‍പ്പറേഷന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ മേയ്‌ 18ന്‌ ജില്ലാ കളക്ടര്‍ക്കും തുടര്‍ന്ന്‌ സംസ്ഥാന തീരദേശ മാനേജ്മെന്റ്‌ അതോറിറ്റിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതോറിറ്റി ചെയര്‍മാനും 2011 മെയ്‌ 19 ന്‌ പരാതിയെക്കുറിച്ച്‌ പഠിക്കുവാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി ഉത്തരവായി. (നമ്പര്‍ 897/അ2/211/ഗഇദങ്ങഅ) ഫിഷറീസ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ മധുസൂദനക്കുറുപ്പ്‌ ചെയര്‍മാനായ പഠന സംഘത്തില്‍ ഡോ.എന്‍.ആര്‍.മേനോന്‍, ഡോ.കെ.വി.തോമസ്‌ (സെസ്സ്‌), ഡോ.കമലാക്ഷന്‍ കോക്കല്‍ (കെഎസ്ഡിഎസ്ടിഇ) എന്നിവര്‍ അംഗങ്ങളായിരുന്നു.
പ്ലാന്റിനുവേണ്ടി കൊച്ചി കോര്‍പ്പറേഷന്‍ നശിപ്പിച്ച തണ്ണീര്‍ത്തടം തീരദേശ നിയമം 2011, 1991 പ്രകാരം അതീവസുരക്ഷിത മേഖലയായ അരിപ്പകുളങ്ങളും കണ്ടലുകളും നിറഞ്ഞതായിരുന്നുവെന്ന്‌ കമ്മറ്റി വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളും കോര്‍പ്പറേഷന്‍ അധികാരികളും സന്നദ്ധ സംഘടനകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലും 2002, 2005, 2006, 2010, 2011 എന്നീ വര്‍ഷങ്ങളിലെ ഉപഗ്രഹ ഫോട്ടോകള്‍ പരിശോധിച്ചതിലും ഈ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ദ്രവമാലിന്യ സംസ്കരണത്തിനായി കോര്‍പ്പറേഷന്‍ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ മാനേജ്മെന്റ്‌ പ്ലാനിന്റെ ഭൂപടം നമ്പര്‍ 33 ല്‍ ഉള്‍പ്പെടുന്നവയാണ്‌. ഈ സ്ഥലം വേമ്പനാട്‌ കായലിന്റെ ഒരു ഭാഗവും സ്ഥിരമായി വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന അരിപ്പകുളങ്ങളും കണ്ടല്‍ കാടുകളും നിറഞ്ഞ സ്ഥലവുമാണ്‌. 2011 ജൂണ്‍ 9 വരെ കോര്‍പ്പറേഷന്‍ സീവേജ്‌ പ്ലാന്റിന്‌ വേണ്ടി 16000 സ്ക്വയര്‍ മീറ്റര്‍ സ്ഥലം നികത്തിക്കഴിഞ്ഞു. സിആര്‍ഇസഡ്‌ ഒന്ന്‌ എ, സിആര്‍ഇസഡ്‌ 4 എന്നീ പ്രദേശങ്ങള്‍ തീരദേശ നിയമപ്രകാരം യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദനീയമല്ലാത്ത സ്ഥലങ്ങളായിരുന്നു. ഈ സ്ഥലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും അനുമതി വാങ്ങണമായിരുന്നു. പരിസ്ഥിതിക്ക്‌ കോട്ടം തട്ടാതെ വേണമായിരുന്നു ഈ പ്രദേശം നികത്തുവാന്‍.
കൊച്ചി കോര്‍പ്പറേഷന്‍ ഈ പരിസ്ഥിതി ദുര്‍ബലപ്രദേശം നശിപ്പിക്കുന്നതിനുമുമ്പ്‌ സംസ്ഥാന തീരദേശ മാനേജ്മെന്റ്‌ അതോറിറ്റിയില്‍നിന്നോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നോ നിയമത്തില്‍ ഇളവ്‌ വാങ്ങിയിരുന്നില്ല. ഈ നികത്തു ഭൂമിയ്ക്ക്‌ പകരമായി യാതൊരു നഷ്ടപരിഹാര പദ്ധതിയും നടപ്പാക്കുകയും ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്‍ മണ്ണിട്ട്‌ നശിപ്പിച്ച മുണ്ടംവേലിയിലെ പ്രദേശത്ത്‌ ദേശാടന പക്ഷികളുടെ ആവാസസ്ഥലമായ കണ്ടല്‍ക്കാടുകളും മത്സ്യപ്രജനനത്തിനുള്ള അരിപ്പക്കുളങ്ങളും നിറഞ്ഞതായിരുന്നു. ഇവിടം നികത്തുന്നതിനായി ചുവന്ന മണ്ണ്‌ മറ്റു പ്രദേശങ്ങളില്‍നിന്ന്‌ കൊണ്ടുവന്നിടുകയും കണ്ടല്‍ ചെടികള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തു. സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിന്‌ നിര്‍ദ്ദേശിച്ച സ്ഥലത്തിന്‌ ചുറ്റുമുള്ള പ്രദേശങ്ങളും കോര്‍പ്പറേഷന്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഈ പ്രദേശത്ത്‌ ദ്രവമാലിന്യപ്ലാന്റ്‌ സ്ഥാപിക്കണമെങ്കില്‍ ഒരു കാരണവശാലും മലിനജലം മറ്റു ജലസ്രോതസ്സുകളായി കലരുന്നില്ലെന്ന്‌ ഉറപ്പാക്കണം. 1974 ലെ ജലമലിനീകരണ നിയന്ത്രണനിയമപ്രകാരം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണം.
തീരദേശ നിയമപ്രകാരം നഗരങ്ങളിലെ മാലിന്യസംസ്ക്കരണത്തിനായി ചതുപ്പുകളോ അരിപ്പകുളങ്ങളോ കണ്ടല്‍പ്രദേശങ്ങളോ തണ്ണീര്‍ത്തടങ്ങളോ തെരഞ്ഞെടുക്കുവാന്‍ പാടില്ല. നഗരസഭ ഈ നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നു. ഈ പ്രദേശം വേമ്പനാട്ട്‌ കായലിന്റെ ഭാഗമായതിനാല്‍ ഇവിടെ നികത്തിയത്‌ കായല്‍ നശീകരണത്തിനും അന്തര്‍ദ്ദേശിയ റാംസാര്‍ കരാര്‍ ലംഘനത്തിനും കാരണമായി, 2010 ലെ കേന്ദ്രസര്‍ക്കാരിന്റെ തണ്ണീര്‍ത്തട സംരക്ഷണ വിജ്ഞാപനത്തിന്റെ ലംഘനവും മുണ്ടംവേലിയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയതായി പഠനസംഘം കണ്ടെത്തിയിട്ടുണ്ട്‌. മുണ്ടംവേലിയിലെ നിര്‍ദ്ദിഷ്ട സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിന്‌ വേണ്ടി മണ്ണിട്ട്‌ നികത്തിയ ഭൂമി ഏറെക്കാലം മുണ്ടകന്‍ കൃഷി നടത്തിയിരുന്ന പാടശേഖരങ്ങളായിരുന്നു. അത്‌ നികത്തിയത്‌ 2008 ലെ തണ്ണീര്‍ത്തട പാടശേഖര സംരക്ഷണ നിയമപ്രകാരം നിയമലംഘനമാണ്‌. കൊച്ചി കോര്‍പ്പറേഷനും കേരള സുസ്ഥിര നഗരവികസന പ്രോജക്ട്‌ അധികാരികളും പരിസ്ഥിതി ആഘാതപഠനം ഈ പ്രദേശത്തിന്‌ വേണ്ടെന്ന കണ്‍സള്‍ട്ടന്റിന്റെ ഉപദേശത്താല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്‌. പ്ലാന്റിന്റെ ഡിറ്റൈയില്‍ഡ്‌ പ്രോജക്ട്‌ റിപ്പോര്‍ട്ടില്‍ ഒട്ടനവധി പിഴവുകള്‍ ഉള്ളതായി കമ്മറ്റി വിലയിരുത്തി. ഈ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ കമ്മറ്റി ഏതാനും നിര്‍ദ്ദേശങ്ങളും കോച്ചി കോര്‍പ്പറേഷന്‌ നല്‍കുന്നുണ്ട്‌. മുണ്ടംവേലിയിലെ നിര്‍ദ്ദിഷ്ട സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ സിആര്‍ഇസഡ്‌ ഒന്നില്‍പ്പെടുന്ന പ്രദേശത്ത്‌ പാടില്ല. നിലവിലുള്ള നിയമങ്ങളില്‍ ഇളവ്‌ ലഭിക്കുന്നതിനായി പ്രത്യേകിച്ചും തീരദേശ സംരക്ഷണനിയമം മറികടക്കാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിക്കുക. കൊച്ചി കോര്‍പ്പറേഷനോടും കേരള സുസ്ഥിര നഗരവികസന പ്രോജക്ട്‌ അധികാരികളോടും തീരദേശ നിയമലംഘനത്തിനും കണ്ടല്‍ നശീകരണത്തിനെതിരെയും കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കണമെന്ന്‌ കമ്മറ്റി സംസ്ഥാന തീരദേശ മാനേജ്മെന്റ്‌ അധികാരികളോട്‌ ആവശ്യപ്പെട്ടു. നശിപ്പിച്ച കണ്ടല്‍കാടുകള്‍ക്ക്‌ പകരം കണ്ടല്‍ വച്ചുപിടിപ്പിക്കണം. മുണ്ടംവേലിയില്‍ തന്നെ വേണമെന്ന്‌ നിഷ്കര്‍ഷിക്കുന്നില്ല. മുണ്ടംവേലിയില്‍ തീരദേശ സംരക്ഷണ നിയമത്തില്‍പ്പെടുന്ന പ്രദേശത്ത്‌ സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കുവാനായി പരിസ്ഥിതി ആഘാതപഠനം വേണ്ടെന്ന്‌ പറഞ്ഞ്‌ കൊച്ചി കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച കണ്‍സള്‍ട്ടന്‍സിയ്ക്ക്‌ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കണം. ഡിപിആറില്‍ ഉള്ള പിഴവുകള്‍ മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥലസന്ദര്‍ശനം തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം.
മുണ്ടംവേലിയില്‍ നിര്‍ദ്ദിഷ്ട സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിനായി തെരഞ്ഞെടുത്ത സ്ഥലം അതിന്‌ പറ്റിയതല്ല എന്നത്‌ തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍നിന്നും വളരെ വ്യക്തമാണ്‌. ഇവിടെ തീരദേശ സംരക്ഷണനിയമം 1991, 2011 എന്നിവ ലംഘിച്ചതായും സംസ്ഥാന തണ്ണീര്‍ത്തട പാടശേഖരനിയമം 2008, ഭൂവിനിയോഗനിയമം, വേമ്പനാട്‌ സംരക്ഷണ നിയമം, സംസ്ഥാന ജൈവവൈവിധ്യ നിയമം, വനസംരക്ഷണനിയമം, അന്താരാഷ്ട്ര റാംസാര്‍ ഉടമ്പടി, പരിസ്ഥിതി നിയമങ്ങള്‍ തുടങ്ങിയ നിലവിലുള്ള അനേകം നിയമങ്ങള്‍ ലംഘിച്ചതായും വളരെ വ്യക്തമാണ്‌. ഇത്രയും വലിയ ഒരു പ്രോജക്ട്‌ ആയിട്ടുപോലും പരിസ്ഥിതി ആഘാത പഠനമോ പബ്ലിക്‌ ഹിയറിംഗോ നടത്തിയില്ല. കണ്‍സള്‍ട്ടന്റ്‌ തെറ്റിദ്ധരിപ്പിച്ചു എന്നതില്‍ ഇതെല്ലാം ഒതുങ്ങി. സീവേജ്‌ പ്ലാന്റുകള്‍ തണ്ണീര്‍ത്തടങ്ങളില്‍ വച്ചാല്‍ മാരകമായ ജലമലിനീകരണവും തുടര്‍ന്ന്‌ പകര്‍ച്ച വ്യാധികളും പൊട്ടിപ്പുറപ്പെടുമെന്നത്‌ ശാസ്ത്രീയമായി തെളിഞ്ഞ വസ്തുതകളാണ്‌. ഇത്രയേറെ തെളിവുകള്‍ ഉണ്ടായിട്ടും ശാസ്ത്രീയമായി പ്രശ്നത്തെ അപഗ്രഥിക്കുവാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റി അതു ചെയ്യാതെ തന്ത്രപൂര്‍വം ഒട്ടനവധി പഴുതുകള്‍ സൃഷ്ടിച്ചാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇത്രയേറെ നിയമലംഘനങ്ങള്‍ നടത്തിയ കൊച്ചി കോര്‍പ്പറേഷനെതിരെയും കെഎസ്ഡിയുപിക്കെതിരെയും നിയമനടപടി ശുപാര്‍ശ ചെയ്തില്ല.
എസ്ടിപിയ്ക്കായി മറ്റൊരു സ്ഥലം കണ്ടെത്തുവാനും നശിപ്പിച്ച കണ്ടലുകള്‍ ആ പ്രദേശത്ത്‌ പുനഃസൃഷ്ടിക്കുവാനും നിര്‍ദ്ദേശിച്ചില്ല. നിലവില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ സംരക്ഷിക്കുവാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുവാനും നിയമലംഘനത്തിനെതിരെ പിഴ ചുമത്തുവാനോ നിര്‍ദ്ദേശിക്കാതെ നിലവിലുള്ള നിയമങ്ങളില്‍നിന്നും അതത്‌ അധികാരികളില്‍നിന്നും ഇളവ്‌ നേടുവാന്‍ ഉപദേശിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. ഈ പ്രശ്നത്തില്‍ വെള്ളക്കെട്ടും മത്സ്യനാശവുംമൂലം ദുരിതമനുഭവിക്കുന്ന സമീപവാസികളുടെ പരാതിയില്‍ കമ്മറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സി മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നത്‌ ജനങ്ങള്‍ക്ക്‌ വ്യക്തമാകുന്ന നിര്‍ദ്ദേശങ്ങളാണ്‌ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.
നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്‌ നോക്കുകുത്തികളാക്കാനുള്ളതല്ല. നിലവിലെ നിയമത്തില്‍ ഇളവുനേടി പരിസ്ഥിതി നശിപ്പിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്ന സമീപനമാണ്‌ കമ്മറ്റി കൈക്കൊണ്ടിരിക്കുന്നത്‌. മുണ്ടംവേലി എസ്ടിപിയ്ക്ക്‌ പറ്റിയ സ്ഥലമല്ല എന്ന്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ പക്ഷേ ചില നീക്കുപോക്കുകള്‍ വരുത്തി നിയമത്തില്‍ ഇളവുനേടി അവിടെതന്നെ പ്ലാന്റ്‌ സ്ഥാപിക്കാമെന്ന തരത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ ജനദ്രോഹപരമായിപ്പോയി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം റിപ്പോര്‍ട്ടുകളുടെ കാലം ഇനിയെങ്കിലും നിര്‍ത്തണം. നിയമവാഴ്ചയുണ്ടാകാനും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുവാനും തെറ്റുകള്‍ തിരുത്തുവാനും സര്‍ക്കാര്‍ തയ്യാറാകണം.
ഡോ.സി.എം.ജോയി