ആര്‍ച്ച്‌ ബിഷപ്പ്‌ കൊര്‍ണേലിയസ്‌ കാലംചെയ്തു

Sunday 7 August 2011 10:42 pm IST

കൊച്ചി: വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പൊലീത്തയും വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആര്‍ച്ച്‌ ബിഷപ്‌ ഡോ. കൊര്‍ണേലിയസ്‌ ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. എറണാകുളം ലൂര്‍ദ്‌ ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.30്യ‍ൂനായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കബറടക്കം നാളെ വൈകിട്ട്‌ എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രലിലെ അള്‍ത്താരയ്ക്കു സമീപം പ്രത്യേകം തയാറാക്കിയ കല്ലറയില്‍.
1987 മുതല്‍ ഒമ്പതു വര്‍ഷം വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയായി സേവനം ചെയ്തശേഷം കാക്കനാട്‌ അട്ടിപ്പേറ്റി നഗറിലുള്ള വില്ലയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഡോ. കൊര്‍ണേലിയസ്‌. ജൂലായ്‌ 18 ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ, ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏഴിന്‌ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശനിയാഴ്ച വൈകിട്ടോടെ ആരോഗ്യനില തീര്‍ത്തും വഷളാവുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മരണ സമയത്ത്‌ അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു.
ഡോ. കൊര്‍ണേലിയസിന്റെ ഭൗതികദേഹം ഇന്നു രാവിലെ ഒമ്പതിന്‌ എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രലിലേക്ക്‌ വിലാപയാത്രയായി കൊണ്ടുവരും. പത്തിന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹ ദിവ്യബലി. ഇതിനുശേഷം പൊതുജനങ്ങള്‍ക്ക്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. നാളെ രാവിലെ എട്ടിനു ഭൗതികദേഹം വിലാപയാത്രയായി എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന പന്തലിലേക്കു കൊണ്ടുപോകും. ഉച്ചയ്ക്കു രണ്ടുവരെ അവിടെയും പൊതുദര്‍ശനത്തിന്‌ സൗകര്യമുണ്ടാകും. ഉച്ചയ്ക്ക്‌ മൂന്നിന്‌ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഇതിനുശേഷം വിലാപയാത്രയും തുടര്‍ന്ന്‌ കബറടക്കവും.
1918 സെപ്തംബര്‍ എട്ടിന്‌ കൊടുങ്ങല്ലൂരിന്‌ സമീപം കാരയില്‍ ഇലഞ്ഞിക്കല്‍ തറവാട്ടില്‍ കുഞ്ഞവരായുടേയും ത്രേസ്യയുടേയും മകനായാണ്‌ ഡോ. കൊര്‍ണേലിയസിന്റെ ജനനം. 1945 മാര്‍ച്ച്‌ 18 ന്‌ പൗരോഹിത്യം സ്വീകരിച്ചു. 1971 മുതല്‍ 1987 വരെ വിജയപുരം ബിഷപ്പായും 1987 മുതല്‍ 1996 വരെ വരാപ്പുഴ മെത്രാപ്പൊലീത്തയായും സേവനം ചെയ്തു. ഇക്കാലയളവില്‍ കേരള ലത്തീന്‍ സഭയുടെ അധ്യക്ഷനായിരുന്നു. 1989 മുതല്‍ മൂന്നു വര്‍ഷം കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി. മങ്ങാത്ത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥ രചിച്ചു. ഉപനിഷത്തുകളിലെ ദൈവസങ്കല്‍പ്പമടക്കം പത്തോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം അറിയപ്പെടുന്ന ഹൈന്ദവ വേദപണ്ഡിതനും കവിയുമായിരുന്നു. അഞ്ഞൂറില്‍പ്പരം ഗാനങ്ങളുടെ രചയിതാവാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി കെ.വി. തോമസ്‌, മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, കെ. ബാബു തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.