ഹോം » വാര്‍ത്ത » 

വെട്ടിനിരത്തല്‍ വ്യാപകം; സിപിഎം കേന്ദ്രനേതൃത്വം കൈകഴുകുന്നു

August 7, 2011

തിരുവനന്തപുരം: പാര്‍ട്ടികോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാനഘടകത്തിലെ പോര്‌ ശക്തിപ്രാപിക്കുന്നു. എന്നാല്‍ കേരളത്തിലെ പ്രശ്നങ്ങളില്‍ മുന്‍പത്തെപ്പോലെ ഇടപെടാന്‍ കൂട്ടാക്കാതെ കേന്ദ്രനേതൃത്വം കൈമലര്‍ത്തുകയും ചെയ്യുകയാണ്‌. വി.എസ്‌.അച്യുതാനന്ദനും പിണറായി വിജയനും നേതൃത്വം നല്‍കുന്ന വിഭാഗീയത സമ്മേളനത്തിന്റെ കേളികൊട്ടുപോലെ കൊഴുക്കുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം വിഎസ്സിന്‌ സീറ്റില്ലെന്ന വാര്‍ത്ത പരന്നപ്പോള്‍ തെരുവിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ പുറത്താക്കല്‍ പ്രക്രിയ തുടരുകയാണ്‌. കാസര്‍കോട്ട്‌ തുടങ്ങിയ നടപടി ഇടുക്കിയിലെത്തുമ്പോള്‍ നൂറോളം പ്രാദേശികനേതാക്കള്‍ പാര്‍ട്ടിക്ക്‌ വെളിയിലോ കീഴ്കമ്മിറ്റികളിലോ തള്ളപ്പെട്ടു. ഇത്‌ വിപുലപ്പെടുത്തുമെന്ന സൂചനയാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. ഇത്‌ അംഗീകരിക്കില്ലെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌ സമ്മേളനം നടക്കാനിരിക്കെ നടപടി അനുവദനീയമല്ലെന്ന നിലപാടാണ്‌ വിഎസ്‌ സ്വീകരിച്ചിരുന്നത്‌. പ്രകടനം നടത്താനിടയായതിന്റെ കാരണം കേന്ദ്രകമ്മറ്റി അംഗീകരിച്ചതാണെന്നും വിഎസ്‌ പ്രസ്താവിച്ചിരുന്നു. വിഎസ്സിന്റെ നിലപാടിനെ സംസ്ഥാനസെക്രട്ടേറിയറ്റ്‌ നേരത്തെ തള്ളിയതാണ്‌. വി.എസ്‌.ആശയകുഴപ്പമുണ്ടാക്കി എന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നടപടിയില്‍ ഇടപെടില്ലെന്ന്‌ ഇന്നലെ പ്രകാശ്കാരാട്ടും വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ ഔദ്യോഗികനേതൃത്വം വിഎസ്‌ പക്ഷത്തെ വെട്ടിനിരത്തല്‍ തുടരുകയാണ്‌.
തൃശൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ സസ്പെന്റ്‌ ചെയ്തതിന്‌ പിന്നാലെ ജില്ലയിലെ അമ്പതോളം പേര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതായി അറിയുന്നു. ചേര്‍പ്പ്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.വി. സദാനന്ദനെയും, ലോക്കല്‍കമ്മിറ്റിയംഗം പി.വി.ഭരതനെയും പാര്‍ട്ടിയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്തു. പെരുമാറ്റ ദൂഷ്യം, പാര്‍ട്ടി അച്ചടക്ക ലംഘനം എന്നിവ ആരോപിച്ചാണ്‌ നടപടി. ഇരുവരും സഹോദരങ്ങളും ശക്തരായ വിഎസ്‌ പക്ഷക്കാരുമാണ്‌. ഇന്നലെ ചേര്‍ന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗത്തിലാണ്‌ നടപടി തീരുമാനമെടുത്തത്‌.
ഏരിയാ കമ്മറ്റി തീരുമാനത്തിന്‌ ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്്‌ കെ.കെ.അനിലിനാണ്‌ താല്‍ക്കാലികമായി സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്‌. സമ്മേളനത്തിന്‌ മുമ്പേ ജില്ലയില്‍ അമ്പതോളം വിഎസ്‌ പക്ഷക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ നേതൃത്വം വ്യക്തമാക്കുന്നു. മാള, അന്തിക്കാട്‌, ചേര്‍പ്പ്‌, തൃപ്രയാര്‍ മേഖലകളില്‍ വിഎസ്‌ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. അതേസമയം പിണറായി പക്ഷത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ചേര്‍പ്പില്‍ മുപ്പതോളം വരുന്ന വിഎസ്‌ അനുകൂലികള്‍ ഇന്നലെ രാത്രി പ്രകടനം നടത്തി.
അതുപോലെതന്നെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വിലക്ക്‌ ലംഘിച്ച്‌ വിഎസ്‌ സന്ദര്‍ശിച്ചതിനെയും കാരാട്ട്‌ ഗൗരവത്തിലെടുത്തില്ല. അതൊന്നും വലിയകാര്യമല്ലെന്നാണ്‌ പ്രകാശ്കാരാട്ട്‌ ഇന്നലെ പറഞ്ഞത്‌. ആരുടെ വീട്ടില്‍ ആര്‌, എപ്പോള്‍ പോയി, വെള്ളം കുടിച്ചോ ഭക്ഷണം കഴിച്ചോ എന്നതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമല്ലെന്ന്‌ കാരാട്ട്‌ പ്രസ്താവിച്ചത്‌ ഔദ്യോഗിക നേതൃത്വത്തിനുള്ള മറുപടിയുമായി. കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതിലുള്ള വിമര്‍ശനത്തിന്‌ മറുപടിയായി പിണറായി വിജയന്റെ മകളുടെ കല്യാണത്തിന്‌ എംവിആറിനോടൊപ്പം പങ്കെടുത്തത്‌ വിഎസ്‌ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്‌ മറുപടി നല്‍കാന്‍ പിണറായി വിജയന്‍ ഇന്നലെ തയ്യാറായി.രാഷ്ട്രീയ ചേരിതിരിവുകള്‍ നോക്കിയല്ല തന്റെ മകളുടെ വിവാഹത്തിന്‌ ആളുകളെ ക്ഷണിച്ചത്‌.
രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ്‌ ഇങ്ങനെ ചെയ്തത്‌. രാഷ്ട്രീയജീവിതത്തില്‍ എതിരാളികള്‍ ഉണ്ടായിട്ടുണ്ട്‌. രാഷ്ട്രീയമായും കായികമായും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്‌. അവരെ മാറ്റിനിര്‍ത്തിയല്ല വിവാഹത്തിന്‌ ആളെ ക്ഷണിച്ചത്‌. ക്ഷണിച്ചവരെല്ലാം വിവാഹ ചടങ്ങില്‍ സംബന്ധിച്ചതില്‍ സന്തോഷമുണ്ട്‌. രാഷ്ട്രീയജീവിതത്തില്‍ മുതല്‍ക്കൂട്ടായ അനുഭവമാണുണ്ടായത്‌, പിണറായിവിജയന്‍ വിശദീകരിച്ചു. കല്‍ക്കത്തയില്‍ ഇന്നലെയും കേന്ദ്രകമ്മറ്റിയോഗം കൂടിയിരുന്നു. അത്‌ തീരുംവരെ കാത്തുനില്‍ക്കാതെയാണ്‌ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി തിരുവനന്തപുരത്തേക്ക്‌ തിരിച്ചത്‌.
അതിനിടെ നേതാക്കളുടെ വിഎസ്‌ പക്ഷത്തെ വെട്ടിനിരത്തല്‍ തുടര്‍ന്നാല്‍ ഔദ്യോഗികപക്ഷത്തെ പല പ്രമുഖ നേതാക്കളെക്കുറിച്ചും ആരോപണവുമായി വിഎസ്പക്ഷം രംഗത്തിറങ്ങുമെന്ന സൂചനയുണ്ട്‌. പലതും തെളിവുസഹിതവുമായിരിക്കും. കണ്ണൂര്‍, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ക്ക്‌ സ്ഥാനം തെറിക്കാന്‍ സാഹചര്യം സൃഷ്ടിച്ച അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുശേഖരിക്കല്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.
കെ.കുഞ്ഞിക്കണ്ണന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick