ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

മഴതിമിര്‍ത്തു; ജില്ലയില്‍ വ്യാപക വെള്ളക്കെട്ട്‌

August 8, 2011

കൊച്ചി: കഴിഞ്ഞ രാത്രി തിമിര്‍ത്തുപെയ്ത മഴയില്‍ ജില്ലയില്‍ വ്യാപകമായ വെള്ളക്കെട്ട്‌. മരടിന്റെ തെക്ക്‌-വടക്ക്‌ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ 250ല്‍ പരം വീടുകള്‍ വെള്ളത്തിലായി. രാവിലെ മുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. തലേന്ന്‌ രാത്രി തോരാതെപെയ്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട്‌ റോഡുകളിലും കാനകളിലും നിറഞ്ഞ്‌ വീടുകളിലേക്കും കയറി.
മരടിലെ വൈക്കത്തിശ്ശേരി, കൊപ്പാണ്ടിശ്ശേരി, അയിനി ക്ഷേത്രം റോഡ്‌, ജയന്തിറോഡ്‌, കൊള്ളത്തേരി റോഡ്‌, ഗാന്ധിസ്ക്വയര്‍, കീര്‍ത്തിനഗര്‍, ഇന്ദിരാജി റോഡ്‌, ഉപാസനാറോഡ്‌, തോമസ്‌ പുരം റോഡ്‌, മാധ്യമം റോഡ്‌, ബിടിസി റോഡ്‌ തുടങ്ങിയ വഴികളെല്ലാം തോടുകളായി മാറി. ഇതുവഴിയുള്ള കാല്‍നടയാത്ര വരെ ദുഷ്കരമായിമാറി.
താഴ്‌ന്ന പ്രദേശമായ മരടിലെ വെള്ളം വാര്‍ന്നു പോവുന്നതിന്‌ സഹായകരമായിരുന്ന അയിനിതോടിന്റെ കൈയ്യേറ്റമാണ്‌ വെള്ളക്കെട്ട്‌. ഇത്രയേറെ രൂക്ഷമാവാന്‍ കാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അനധികൃത ഭൂമിനികത്തലും, ചെറുതോടുകളുടെയും നീര്‍ചാലുകളുടേയും കയ്യേറ്റവും മഴക്കാലത്ത്‌ വെള്ളക്കെട്ടിന്റെ രൂക്ഷത വര്‍ധിക്കുവാന്‍ കാരണമായിട്ടുണ്ട്‌.
ഇന്നലെയുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന്‌ വീടുകളില്‍ വെള്ളം കയറിയത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. വൈക്കത്തുശ്ശേരി ദാസന്റെ മകളുടെ കല്യാണത്തിനായി വീട്ടുമുറ്റത്ത്‌ ഒരുക്കിയ പന്തല്‍ മഴവെള്ളത്തില്‍ മുങ്ങി. ഇതേതുടര്‍ന്ന്‌ ചടങ്ങുകള്‍ മറ്റൊരു വീടിന്റെ ടറസിനുമുകളില്‍ നടത്തേണ്ടിവന്നു. ഇന്നലെ പാലുകാച്ചല്‍ ചടങ്ങ്‌ നടത്താനിരുന്ന പുതിയ വീട്ടിലും വെള്ളംകയറി. വൈകുന്നേരത്തോടെയാണ്‌ വെള്ളക്കെട്ടിന്‌ അല്‍പം ആശ്വാസമായത്‌.
മൂവാറ്റുപുഴ: കനത്തമഴയെ തുടര്‍ന്ന്‌ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇലാഹിയ കോളനി, സ്റ്റേഡിയം പരിസരം, മൂന്നുകണ്ടം കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ വെള്ളം കയറിയത്‌. ഇലാഹിയ കോളനിയില്‍ നാല്‍പത്‌ വീടുകളിലും, സ്റ്റേഡിയം പരിസരത്തെ പത്തുവീടുകളിലും ഭാഗികമായി വെള്ളം കയറിയെങ്കിലും ഇവിടെ താമസിച്ച കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചില്ല. പുലര്‍ച്ചെമുതലാണ്‌ വെള്ളം കയറിയത്‌ വൈകിട്ടോടെ ഇറങ്ങുകയും ചെയ്തു. കനത്ത മഴയില്‍ നഗരത്തിലെ വിവിധ റോഡുകളിലെ വെള്ളകെട്ട്‌ വാഹനഗതാഗതത്തേയും ബാധിച്ചിരുന്നു. കാവുങ്കരയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ താഴത്തെ നിലയില്‍ വെള്ളം കയറിയത്‌. ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചു. കിടത്തി ചികിത്സയിലിരുന്ന അഞ്ചോളം രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി. വിവരമറിഞ്ഞ്‌ തഹസില്‍ദാര്‍ പി. എസ്‌. സ്വര്‍ണ്ണമ്മ, ഡപ്യൂട്ടി തഹസില്‍ദാര്‍ അനില്‍, വില്ലേജ്‌ ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick