ഹോം » പൊതുവാര്‍ത്ത » 

സിറിയന്‍ സ്ഥാനപതിയെ സൌദി തിരിച്ചുവിളിച്ചു

August 8, 2011

സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്

റിയാദ്: ആഭ്യന്തര കലാപം ശക്തമായ സിറിയയില്‍ നിന്നു സൗദി അറേബ്യ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നടപടി.

സിറിയയില്‍ പട്ടാളം നടത്തിയ വെടിവയ്പ്പില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം അക്രമ സംഭവങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ചോരപ്പുഴ ഒഴുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും അബ്ദുള്ള രാജാവ് ആവശ്യപ്പെട്ടു.

സൈനിക നടപടി അംഗീകരിക്കാനാവില്ല. ന്യായീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ഇപ്പോള്‍ സിറിയയില്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിലെ കിഴക്കന്‍ നഗരമായ ദെയര്‍ എസോറിലും ഹുലായിലും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പട്ടാളം ഞായറാഴ്ച നടത്തിയ ആക്രമണമത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു.

ദെയര്‍ എസോറില്‍ 42 ഉം ഹോംസ് പ്രവിശ്യയിലെ ഹുലാ നഗരത്തില്‍ പത്തു പേരെയുമാണ് സൈന്യം വെടിവെച്ചു കൊന്നത്. സാധാരണക്കാര്‍ക്കു നേരേ പട്ടാളത്തെ ഉപയോഗിക്കരുതെന്ന ഐക്യരാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ചാണ് സിറിയന്‍ പട്ടാളം ടാങ്കുകളുപയോഗിച്ച് രണ്ടിടങ്ങളിലും ആക്രമണം നടത്തിയത്.

Related News from Archive
Editor's Pick