ഹോം » ഭാരതം » 

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രം – പ്രണബ് മുഖര്‍ജി

August 8, 2011

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ അദ്ദേഹം പാര്‍ലമെന്റിന് പുറത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

മറ്റു രാജ്യങ്ങളേക്കാള്‍ ഏതു പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ ശക്‌തമാണ്‌. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ശരിയായ ദിശയിലാണെന്നും ഏറ്റവും മികച്ച നിക്ഷേപ സൗഹൃദരാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്നും പ്രണബ്‌ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

ആഗോളവിപണിയില്‍ പൊടുന്നനെയുണ്ടായ ചില ചലനങ്ങളാണ്‌ അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്‌. ഈ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിക്കുമെന്ന്‌ വ്യക്തമാക്കിയ മന്ത്രി എന്നാല്‍ ഏതൊരു ചലനത്തെയും നേരിടാന്‍ ഇന്ത്യയുടെ അടിത്തറ സുസജ്ജമാണെന്നും അഭിപ്രായപ്പെട്ടു.

ഓഹരി വിപണിയില്‍ തകര്‍ച്ചയും അമേരിക്കയിലെ ക്രെഡിറ്റ്‌ റേറ്റ്‌ കുറഞ്ഞ സാഹചര്യവും പരിഗണിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിഗതികളില്‍ തികച്ചും ശുഭാപ്‌തിവിശ്വാസമാണ്‌ കേന്ദ്രമന്ത്രി പ്രകടിപ്പിച്ചത്‌. ആഭ്യന്തര ഉപഭോഗമുള്‍പ്പെടെയുള്ള കാര്യത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനെ കുറിച്ചായിരിക്കും ഇനി സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

ആഗോളസാമ്പത്തിക മേഖലയിലെ ചെറുചലനങ്ങള്‍ പോലും സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related News from Archive
Editor's Pick