ഹോം » പ്രാദേശികം » കണ്ണൂര്‍ » 

തൊഴിലാളികള്‍ക്ക്‌ സുരക്ഷ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി

August 8, 2011

കണ്ണൂറ്‍: നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ക്ക്‌ മതിയായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താത്ത കെട്ടിട ഉടമകള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കുമെന്ന്‌ തൊഴില്‍ വകുപ്പുമന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. നേഷനല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്‌ യൂനിയന്‍ (ഐഎന്‍ടിയുസി) രജതജൂബിലി സമ്മേളനം കണ്ണൂറ്‍ മാസ്കോട്ട്‌ പാരഡൈസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പലതവണ സൈറ്റ്‌ സന്ദര്‍ശിച്ച്‌ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടും മതിയായ സുരക്ഷാ ക്രമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്‌ പലയിടങ്ങളിലും കാണുന്നത്‌. നിര്‍മ്മാണ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ 304-ാം വകുപ്പ്‌ പ്രകാരം കേസെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലിപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ ക്ഷേമപദ്ധതി ആരംഭിക്കുവാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്‌. റജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കെട്ടിട ഉടമകളും കോണ്‍ട്രാക്ടര്‍മാരും ഈ പദ്ധതിയില്‍ പേര്‌ റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കാനും സാധിക്കുന്നില്ല. കെട്ടിട ഉടമകളേയും കോണ്‍ട്രാക്ടര്‍മാരേയും ഈ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പ്രമോദ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick