ഹോം » വാര്‍ത്ത » 

പിള്ളയുടെ ചികിത്സ : ഉമ്മന്‍‌ചാണ്ടിക്കെതിരെ വക്കീല്‍ നോട്ടീസ്

August 9, 2011

ന്യൂദല്‍ഹി: ആര്‍.ബാലകൃഷ്ണപിളളയ്ക്കു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ വക്കീല്‍ നോട്ടീസ്. ദല്‍ഹിയിലെ നിയമവിദ്യാര്‍ത്ഥിയായ മഹേഷ് മോഹനാണ് നോട്ടീസ് അയച്ചത്.

അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ച ബാലകൃഷ്ണപിളളയ്ക്കു മുഖ്യമന്ത്രി സ്വന്തം അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ട് അനധികൃതമായി പതിവിലേറെ തവണ പരോള്‍ അനുവദിച്ചു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ അനധികൃതമായി ചികിത്സ നടത്താനും അനുവദിച്ചിരിക്കുന്നുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയിലില്‍ നിന്നുകൊണ്ട് ബാലകൃഷ്ണപിള്ള സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയെ വിളിച്ചതിന് തെളിവുകളുണ്ടെന്നും നോട്ടീസില്‍ പറയുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ആരോടും പ്രത്യേക പ്രീതി കാണിക്കില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതിനോടുളള നഗ്നമായ ലംഘനമാണ് മുഖ്യമന്ത്രി കാണിച്ചിരിക്കുന്നത്.

പിളളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുളള ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick