ഹോം » വാര്‍ത്ത » 

ലണ്ടനില്‍ കലാപം പടരുന്നു

August 9, 2011

ലണ്ടന്‍: ലണ്ടനില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയിലെ ഒഴിവുകാലം ചെലവഴിക്കുകയായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവധി വെട്ടിച്ചുരുക്കി ഇന്ന് തിരികെ മടങ്ങി. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും അവധിക്കാലം വെട്ടിച്ചുരുക്കി നാട്ടിലെത്തി.

ടോട്ടണ്‍ഹാമിലാണ് കലാപം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ബര്‍മിങ്‌ഹാം, ലിവര്‍പൂള്‍, മാഞ്ചസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കലാപം പിന്നീട് പടരുകയായിരുന്നു. കൊള്ളയും തീ വയ്‌പും വ്യാപകമാണ്. കലാപകാരികള്‍ ക്രോയ്ഡോണ്‍ നഗരത്തിലെ കടകള്‍ കൊള്ളയടിക്കുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പലയിടങ്ങളിലും പോലീസ് അക്രമികളുമായി ഏറ്റുമുട്ടി.

പെക്കാം നഗരത്തില്‍ ഒരു കടയ്ക്കും ബസിനും അക്രമികള്‍ തീയിട്ടു. ലൂയി ഷാമില്‍ അക്രമികള്‍ ഒട്ടേറെ വാഹനങ്ങള്‍ക്കു തീയിടുകയും ബര്‍മിങ്ഹാം നഗരത്തില്‍ നിരവധി കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 220 പേരെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കലാപ മേഖലകളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും പോലീസ് കമ്മിഷണറുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

ബ്രിട്ടണിലെ ചെലവു ചുരുക്കല്‍ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. ശനിയാഴ്ച ടോട്ടണ്‍ഹാമില്‍ നടന്ന പ്രകടനത്തിനിടെ മര്‍ക്ക് ഡഗ്ഗന്‍ എന്ന 29കാരന്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick