ഹോം » പൊതുവാര്‍ത്ത » 

കല്‍മാഡിയുടെ നിയമനം: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക്‌ രൂക്ഷവിമര്‍ശനം

August 9, 2011

ന്യൂദല്‍ഹി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി അധ്യക്ഷനായി സുരേഷ്‌ കല്‍മാഡിയെ നിയമിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ പാര്‍ലമെന്റില്‍ വന്‍ ബഹളം.
സ്പോര്‍ട്സ്‌ മന്ത്രാലയത്തിന്റെയും സ്വന്തം ഓഫീസിന്റെയും എതിര്‍പ്പുകള്‍ മറികടന്നാണ്‌ മന്‍മോഹന്‍സിംഗ്‌ കല്‍മാഡിയെ നിയമിച്ചതെന്ന്‌ രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി കുറ്റപ്പെടുത്തി. കല്‍മാഡിയുടെ തലയില്‍ എല്ലാ ബാധ്യതകളും കെട്ടിവെച്ച്‌ മറ്റുള്ളവര്‍ തടിതപ്പാന്‍ അനുവദിക്കരുത്‌. കല്‍മാഡിയുടെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഭയില്‍ ഹാജരാക്കണം. കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും ബാധ്യതയില്‍ നിന്ന്‌ ഒഴിയാനാവില്ലെന്നും തലകള്‍ ഉരുളുമെങ്കില്‍ ദല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും ഉരുളണമെന്നും ജെറ്റ്ലി വ്യക്തമാക്കി. ഇതോടെ ഭരണകക്ഷിഅംഗങ്ങള്‍ ബഹളം തുടങ്ങി. കല്‍മാഡിയെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ബഹളം മൂര്‍ച്ചിച്ചതോടെ ഉച്ചക്ക്‌ മുമ്പ്‌ സഭ രണ്ടുതവണ നിര്‍ത്തിവെച്ചു. സോണിയക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിപക്ഷം മാപ്പുപറയണമെന്ന്‌ ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സോണിയയുടെ പേര്‌ പരാമര്‍ശിച്ചതിനെ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. റഹ്മാന്‍ ഖാനും എതിര്‍ത്തു.
ടെണ്ടര്‍ മുതല്‍ കരാര്‍ വരെ അടിമുടി ക്രമക്കേടുകളും അഴിമതിയും നിറഞ്ഞതാണ്‌ സിഡബ്ല്യുജിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളുമെന്ന്‌ ജെറ്റ്ലി ചൂണ്ടിക്കാട്ടി. അഴിമതിയുടെ യഥാര്‍ത്ഥ ഉത്തരവാദിയെ മറയ്ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. സുരേഷ്‌ കല്‍മാഡിയെ സംഘടാക സമിതി അധ്യക്ഷനായി നിയമിച്ചത്‌ എന്‍ഡിഎ സര്‍ക്കാരാണെന്ന്‌ കഴിഞ്ഞ ദിവസം സ്പോര്‍ട്സ്‌ മന്ത്രി അജയ്മാക്കന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ രാജ്യസഭയില്‍ നടന്നത്‌. മാക്കന്റെ പ്രസ്താവന പാര്‍ലമെന്റിനോടുള്ള ചരിത്രപരമായ വഞ്ചനയാണെന്നും ജെറ്റ്ലി കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick