ഹോം » പൊതുവാര്‍ത്ത » 

ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ ഒഴിഞ്ഞു

August 9, 2011

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‌ വിജിലന്‍സിന്റെ ചുമതല നല്‍കി. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്‌ വിജിലന്‍സിന്റെ ചുമതല ഒഴിയണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ്‌ ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയാന്‍ തീരുമാനിച്ചത്‌. തിങ്കളാഴ്ച രാത്രി തന്നെ വകുപ്പൊഴിയാന്‍ ധാരണയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ്‌ നേതാക്കള്‍ തള്ളിക്കളഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടിന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനായിരുന്നു ധാരണ. എന്നാല്‍ അതിനു മുമ്പുതന്നെ തീരുമാനം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ചുമതല മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ നല്‍കാന്‍ ആലോചിച്ചിരുന്നു. ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തിരുവഞ്ചൂരിന്‌ വകുപ്പ്‌ നല്‍കിയത്‌. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
നീതിപീഠത്തോട്‌ തനിക്ക്‌ അതീവ ബഹുമാനമുണ്ട്‌. തനിക്ക്‌ അനുകൂലമായ വിധിവരുമ്പോള്‍ ജഡ്ജിമാര്‍ നല്ലവരെന്നും പ്രതികൂല വിധി വരുമ്പോള്‍ അവര്‍ മോശക്കാരെന്നും പറായാന്‍ തയ്യാറല്ലെന്ന്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഉത്തരവിറക്കിയ ജഡ്ജിക്കെതിരെ ചീഫ്‌ വിപ്പ്‌ ആക്ഷേപം ഉന്നയിച്ചിരുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ കുടുംബക്കാരനാണെന്നും ഇടതുവിദ്യാര്‍ഥി പ്രസ്ഥാനവുമായി സഹകരിച്ചിരുന്നതായും പി.സി.ജോര്‍ജ്‌ ആരോപിച്ചിരുന്നു.
കോടതിവിധിയെത്തുടര്‍ന്ന്‌ തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങിയിരുന്നു എന്നാണ്‌ പരക്കെ പ്രചരിച്ചിരുന്നത്‌. മുന്നണി നേതാക്കളും ഹൈക്കമാന്‍ഡും അദ്ദേഹത്തെ വിലക്കുകയും തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്നാല്‍ വിജിലന്‍സ്‌ വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞേക്കുമെന്ന്‌ സൂചന ഉണ്ടായിരുന്നു. പാമോയില്‍ കേസില്‍ പുതിയ പ്രതിപ്പട്ടികയുണ്ടാക്കാനും ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണം നടത്താനും തെളിവുകളില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞുകൊണ്ടാണ്‌ പ്രത്യേക ജഡ്ജി പി.കെ.ഹനീഫ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പാമോയില്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍, അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ പങ്കില്ലെന്ന്‌ തെളിയിക്കത്തക്കവിധം യാതൊരുവിധ അന്വേഷണവും വിജിലന്‍സ്‌ നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ തുടരന്വേഷണം നടത്തി മൂന്നുമാസത്തിനകം പുതിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നുമാണ്‌ കോടതി ഉത്തരവ്‌.
അതിനിടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തള്ളി. ഉമ്മന്‍ ചാണ്ടിക്കു മാത്രമായി രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. അദ്ദേഹം രാജി വയ്ക്കേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റേതാണെന്ന്‌ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. പാര്‍ട്ടിയാണു മുഖ്യമന്ത്രി പദം ഏല്‍പ്പിച്ചത്‌. ആ ചുമതല പൂര്‍ണമായും നിറവേറ്റണം. പാര്‍ട്ടി അദ്ദേഹത്തിനു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും മിസ്ത്രി പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാകില്ലെന്നു രമേശ്‌ ചെന്നിത്തലയും വക്താവ്‌ എം.എം.ഹസനും പറഞ്ഞു. വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയുക വഴി രാഷ്ട്രീയത്തില്‍ ഉദാത്തമായ മാതൃകയാണ്‌ ഉമ്മന്‍ ചാണ്ടി കാണിച്ചിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നതു രാഷ്ട്രീയ പ്രേരിതമാണെന്ന്‌ എം.എം.ഹസന്‍ കുറ്റപ്പെടുത്തി. പാമോയില്‍ ഇറക്കുമതിയില്‍ ധനകാര്യവകുപ്പിനുപങ്കില്ലെന്നു വിജിലന്‍സ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു ദിവസം പോലും ഫയല്‍ ധനമന്ത്രിയുടെ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. വിജിലന്‍സ്‌ വകുപ്പ്‌ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ ഏല്‍പിച്ചുവെന്ന പിണറായി വിജയന്റെ പ്രസ്താവനയില്‍ കാര്യമില്ലെന്നും യു ഡി എഫ്‌ മന്ത്രിസഭയില്‍ എല്ലാവരും വിശ്വസ്തരാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം സത്യസന്ധമായും ജനാധിപത്യപരമായും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ്‌ വകുപ്പിന്റെ അധിക ചുമതല കൂടി ലഭിച്ചതു സംബന്ധിച്ചു വാര്‍ത്താലേഖകരോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്വന്തം ലേഖകന്‍

Related News from Archive
Editor's Pick