ഹോം » വാര്‍ത്ത » 

പി.സി അലക്സാണ്ടര്‍ അന്തരിച്ചു

August 10, 2011

ചെന്നൈ: മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണറും, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന ഡോ.പി.സി.അലക്സാണ്ടര്‍ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു അലക്സാണ്ടര്‍.

ഇന്നു രാവിലെ 8.30നായിരുന്നു പി.സി അലക്സാണ്ടറുടെ നിര്യാണം. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ശനിയാഴ്ച സ്വദേശമായ മാവേലിക്കരയില്‍ നടക്കും. ഭരണതന്ത്രജ്ഞനും എഴുത്തുകാരനുമായ അലക്സാണ്ടര്‍ 1921ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ജേക്കബ് ചെറിയാന്റെയും മറിയാമ്മയുടെയും മകനായാണു ജനിച്ചത്. ട്രാവന്‍കൂര്‍ സര്‍വകലാശാലയിലും അണ്ണാമലൈ സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1948ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസില്‍ പ്രവേശിച്ചു.

1963-66 കാലയളവില്‍ ഐക്യരാഷ്ട്ര സഭയില്‍ സീനിയര്‍ അഡ്വൈസര്‍ ആയിരുന്നു. 1970-74 കാലയളവില്‍ ടെഹറാനിലെ യു.എന്‍ പ്രൊജക്റ്റ് ചീഫ് ആയി സേവനം അനുഷ്ഠിച്ചു. 1978-81 കാലയളവില്‍ ജനീവയിലെ യുഎന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1985-88 കാലത്ത് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി. 2002-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.ആര്‍. നാരായണനൊപ്പം ഇദ്ദേഹത്തിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്കു സജീവ പരിഗണനയിലുണ്ടായിരുന്നു. 1981-85 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പിന്നീട് രാജീവ് ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

1989-90 കാലഘട്ടത്തില്‍ തമിഴ് നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ഗോവയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ദ് ഡച്ച് ഇന്‍ മലബാര്‍(1946), ബുദ്ധിസം ഇന്‍ കേരള(1949), ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ ഇന്ത്യ( 1962), മൈ ഇയേഴ്സ് വിത്ത് ഇന്ദിര(1991), പെരില്‍സ് ഒഫ് ഡെമൊക്രസി(1995), ഇന്ത്യ ഇന്‍ ദ് ന്യൂ മില്ലനിയം(2001) എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. ത്രൂ ദ് കോറിഡോഴ്സ് ഒഫ് പവര്‍ എന്ന ആത്മകഥ ഏറെ ശ്രദ്ധേയമാണ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick