ഹോം » പൊതുവാര്‍ത്ത » 

വിതുര പീഡനം : വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു

August 10, 2011

കൊച്ചി: വിതുര പെണ്‍വാണിഭ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നു കാട്ടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണു കോടതി വിധി. തന്നെ സാക്ഷി വിസ്താരത്തില്‍ നിന്നും ഒഴിവാക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

കുടുംബ ജീവിതം നയിക്കുന്ന തനിക്ക് കോടതി നടപടികളും സാക്ഷി വിസ്താരവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 22 കേസുകളുള്ള സംഭവത്തില്‍ ഓരോ തവണയും കോടതിയിലെത്തി സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടി വരുന്നത് മറ്റൊരു പീഡനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

16 വര്‍ഷം മുമ്പ് നടന്ന സംഭവം സാക്ഷിവിസ്താരത്തിന്റെ പേരില്‍ വീണ്ടും ഓര്‍ക്കേണ്ടി വരുന്നത് സഹിക്കാനാവില്ലെന്നും പെണ്‍കുട്ടി പറയുന്നു. 22 കേസുകളില്‍ കോട്ടയത്തെ പ്രത്യേക കോടതി ഒരെണ്ണത്തിന്റെ വിചാരണ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഏഴ് കേസുകളിലെ വിചാരണ നടപടിക്ക് ഹാജരാകാന്‍ പെണ്‍കുട്ടിക്ക സമന്‍സ് കിട്ടിയിരുന്നു.

കേസ് സംബന്ധിച്ച് കോടതിയില്‍ ഹാജരാകേണ്ടി വരുന്നത് സ്വൈര്യ ജീവിതത്തെയും മാനസികാവസ്ഥയേയും ബാധിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Related News from Archive

Editor's Pick