ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചുവരവ്

Wednesday 10 August 2011 12:21 pm IST

മുംബൈ: ഏഷ്യന്‍ വിപണികളിലെ അനുകൂല സൂചനകളെ തുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്സ്‌ 400 പോയിന്റിനടുത്ത് ഉയര്‍ന്ന്‌ 17256.46ലാണ്‌ വ്യാപാരം നടത്തുന്നത്‌. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 106 പോയിന്റ്‌ ഉയര്‍ന്ന്‌ 5,197.95ലാണ്‌ വ്യാപാരം നടത്തുന്നത്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, ഇന്‍ഫോസിസ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌ എന്നിവയാണ്‌ വിപണിയെ നയിച്ചത്‌. പലിശ നിരക്കുകള്‍ പൂജ്യം ശതമാനത്തിനടുത്ത് നിലനിര്‍ത്താന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് ചൊവ്വാഴ്ച തീരുമാനിച്ചതോടെ ആഗോള വിപണി ഉണരുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വിപണിയും വളര്‍ച്ച കാണിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം കാണിച്ച ഐ.ടി മേഖലയാണ് നേട്ടം കൂടുതല്‍ രേഖപ്പെടുത്തിയത്. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ്, അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതിനെത്തുടര്‍ന്ന് വിപണികള്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പോയിരുന്നു.