ഹോം » പൊതുവാര്‍ത്ത » 

പാമോയില്‍ കേസില്‍ അപ്പീലിന് പോകില്ല – ഉമ്മന്‍‌ചാണ്ടി

August 10, 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ നടപടിക്കെതിരേ അപ്പീലിന് പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി നടപടിയെ തടസപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അപ്പീലിനു പോയാല്‍ കോടതി നടപടിയെ തടസപ്പെടുത്തിയെന്ന വാദം ഉയരാന്‍ കാരണമാകും. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നുണ്ടെന്നു സൂചിപ്പിച്ചപ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. രാജി വയ്ക്കുമെന്നോ ഇല്ലെന്നോ എന്നതിനെക്കുറിച്ച് അദ്ദേഹം യാതൊരു സൂചനയും നല്‍കിയില്ല.

വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച വക്കീല്‍ തന്നെയാണ് തനിക്കുവേണ്ടി ഇപ്പോഴും കേസ് വാദിക്കുന്നതെന്ന കാര്യം മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാര്‍ച്ച് നടത്തിയത് കോണ്‍ഗ്രസ് നയമല്ലെന്നും അത്തരം കാര്യങ്ങളെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ പത്താം ഫെയര്‍‌സ്റ്റേജ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കും. നിരക്ക് അഞ്ചു രൂപയില്‍നിന്ന് എട്ടു രൂപയായി ഉയര്‍ന്നത് പുന:പരിശോധിക്കും. പത്താം ഫെയര്‍‌സ്റ്റേജ് ഏഴു രൂപയായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick