സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

Wednesday 10 August 2011 4:14 pm IST

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. ദല്‍ഹി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍, തരുണ്‍ ദാസ്, ജി. വിജയരാഘവന്‍ എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി അധ്യക്ഷനായ ആസൂത്രണ ബോര്‍ഡിന്‍റെ ഉപാധ്യക്ഷനായി കെ.എം. ചന്ദ്രശേഖറിനെ നിയമിച്ചിരുന്നു. ധനമന്ത്രി കെ.എം. മാണി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആസൂത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.സി. ജോസഫ് എന്നിവരാണ് ബോര്‍ഡിലെ മന്ത്രിമാര്‍. ആഗോള നിക്ഷേപ സംഗമത്തിന്റെ മാതൃകയില്‍ അടുത്ത വര്‍ഷം ആദ്യം എമര്‍ജിങ് കേരള 2012 എന്ന പേരില്‍ കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓച്ചിറയില്‍ ആളില്ലാ ലെവല്‍ ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.