ഹോം » വിചാരം » 

ഭരണതന്ത്രജ്ഞന്‍

August 10, 2011

കേരളം കേന്ദ്രഭരണ സംവിധാനത്തിന്‌ സംഭാവനചെയ്ത ഒട്ടേറെ പ്രമുഖരില്‍ മുന്‍പന്തിയില്‍നിന്ന ഭരണതന്ത്രജ്ഞനായിരുന്നു ഡോ.പി.സി.അലക്സാണ്ടര്‍. ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങിയ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയിലിരുന്നും അദ്ദേഹം തന്റെ ഭരണരംഗത്തുള്ള പ്രതിഭ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസിന്റെ ഭരണകാര്യങ്ങളെ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
കേരളകാര്യ വിദഗ്ധന്‍ എന്ന നിലയ്ക്ക്‌ ദല്‍ഹിയില്‍ അലക്സാണ്ടര്‍ക്ക്‌ ഏറെ സ്വാധീനമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ ഭരണകാലത്താണ്‌ അദ്ദേഹത്തെ മഹാരാഷ്ട്രാ ഗവര്‍ണറായി നിയമിച്ചത്‌. തുടര്‍ന്ന്‌ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ നിഷ്പക്ഷവും കാര്യക്ഷമവുമായ പ്രവര്‍ത്തനം അംഗീകരിച്ചു കൊണ്ട്‌ ഒരു തവണകൂടി ഗവര്‍ണര്‍ കാലാവധി നീട്ടി ക്കൊടുത്തു. 2002ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ അദ്ദേഹത്തിന്റെ പേരാണ്‌ ബിജെപി നേതൃത്വം കൊടുത്ത എന്‍ഡിഎ ആദ്യം പരിഗണിച്ചത്‌. ആ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹവും തയ്യാറായി. പ്രമോദ്‌ മഹാജനുമായി സംസാരിച്ച്‌ അദ്ദേഹം സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇത്‌ അലക്സാണ്ടര്‍ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
പക്ഷേ കോണ്‍ഗ്രസ്‌ നേതൃസ്ഥാനത്തിരുന്ന സോണിയാ ഗാന്ധി അലക്സാണ്ടറെ രാഷ്ട്രപതിയാക്കാന്‍ തത്പരയായിരുന്നില്ല. ഇത്‌ തനിക്ക്‌ പ്രധാനമന്ത്രിയാകാനുള്ള മാര്‍ഗത്തിന്‌ തടസ്സമാകുമെന്ന്‌ സോണിയഗാന്ധി ഭയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെകൂടി പിന്തുണയോടെ മാത്രമേ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയൂ എന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം. ഈ പശ്ചാത്തലത്തില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ നിര്‍ദേശിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും ഇത്തരത്തിലുള്ള പ്രതികരണം അലക്സാണ്ടര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ബിജെപി പിന്തുണ നല്‍കി ഡോ.അലക്സാണ്ടറെ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുത്തു. രാജ്യസഭയില്‍ അദ്ദേഹത്തോടൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി.
അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായങ്ങള്‍ക്ക്‌ എല്ലാ അംഗങ്ങളും പ്രത്യേക പരിഗണന നല്‍കിയിരുന്നു. മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന അവസരത്തില്‍ അദ്ദേഹം മാതാ അമൃതാനന്ദമയി ആരംഭിച്ച ക്യാന്‍സര്‍ ഹോസ്പിറ്റലിന്‌ എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഒരു നല്ല പണ്ഡിതന്‍, നല്ല ഭരണാധികാരി, നല്ല മനുഷ്യന്‍, നല്ല സുഹൃത്ത്‌ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും സ്മരണീയവും ശ്ലാഘനീയവുമാണ്‌. അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.
ഒ.രാജഗോപാല്‍

Related News from Archive
Editor's Pick