ഹോം » ഭാരതം » 

മംഗലാപുരം ദുരന്തം: എയര്‍ഇന്ത്യ അപ്പീലിന്‌ ആലോചിക്കുന്നു

August 10, 2011

മംഗലാപുരം: മംഗലാപുരം വിമാനാപകടത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ 7.5 മില്യണ്‍ നഷ്ടപരിഹാരമായി നല്‍കാനുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കുന്നതിനെ സംബന്ധിച്ച്‌ എയര്‍ ഇന്ത്യ ആലോചിക്കുന്നു.
സാങ്കേതികമായി നഷ്ടപരിഹാരത്തുക നല്‍കുന്നത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌. അപ്പീല്‍ നല്‍കേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടതും അവരാണ്‌. ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ എയര്‍ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ചേരുന്നുണ്ട്‌. അപ്പീലിന്‌ പോകാനുള്ള സമയപരിധി ഒരു മാസം കൂടിയുണ്ട്‌. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാനാവില്ലെന്ന്‌ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ എസ്‌.ചന്ദ്രകുമാര്‍ അറിയിച്ചതായി ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയും ഉടമകളായ നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ്‌ ഇന്ത്യയും അതിന്റെ സബ്സിഡിയറികളായ 134 വിമാന ഫ്ലീറ്റുകളും റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, ഇഫ്കോ-ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ്‌, ബജാജ്‌ അലൈന്‍സ്‌, ജനറല്‍ ഇന്‍ഷുറന്‍സ്‌ എന്നീ കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്‌.
550 മില്യണ്‍ ആണ്‌ നഷ്ടപരിഹാരമായി നല്‍കിയതെന്നും അപ്പീലിന്‌ പോകണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ എയര്‍ ഇന്ത്യ ആണെന്നും റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി വക്താവ്‌ വെളിപ്പെടുത്തി. 69 കുടുംബങ്ങള്‍ക്ക്‌ മുഴുവന്‍ നഷ്ടപരിഹാരത്തുകയും 6 പേര്‍ക്ക്‌ ഭാഗികമായ തുകയും നല്‍കിയതായി ചന്ദ്രകുമാര്‍ അറിയിച്ചു.
നഷ്ടപരിഹാരത്തുക ഓരോ വ്യക്തിയുടേയും സമ്പാദിക്കാനുള്ള പ്രാപ്തിയേയും അയാളുടെ നഷ്ടംകൊണ്ട്‌ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പരാധീനതയുടേയും അടിസ്ഥാനത്തിലാണ്‌ കണക്കാക്കിയതെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick