ഹോം » കേരളം » 

പി.സി. അലക്സാണ്ടര്‍ അന്തരിച്ചു

August 10, 2011

ചെന്നൈ: മഹാരാഷ്ട്ര-തമിഴ്‌നാട്‌ മുന്‍ ഗവര്‍ണര്‍ ഡോ. പി.സി. അലക്സാണ്ടര്‍ (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. ഭാര്യയും രണ്ട്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌. മാവേലിക്കര പടിഞ്ഞാറെത്തലയ്ക്കല്‍ കുടുംബാംഗമാണ്‌. സംസ്കാരം ശനിയാഴ്ച മാവേലിക്കരയില്‍ നടക്കും. പതിനൊന്ന്‌ വര്‍ഷം മഹാരാഷ്ട്ര-തമിഴ്‌നാട്‌ സംസ്ഥാനങ്ങളുടെ ഗവര്‍ണറായിരുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
2002-ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ അലക്സാണ്ടറെ പരിഗണിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്‌ എതിര്‍ത്തതിനാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായില്ല. തുടര്‍ന്ന്‌ എ.പി.ജെ. അബ്ദുള്‍ കലാം സ്ഥാനാര്‍ത്ഥിയാവുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന്‌ അലക്സാണ്ടര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1993-ലാണ്‌ അലക്സാണ്ടറെ മഹാരാഷ്ട്രയില്‍ ഗവര്‍ണറായി നിയമിച്ചത്‌. 1948ബാച്ചിലെ ഐഎഎസ്‌ ഓഫീസര്‍ ആയിരുന്നു.അഞ്ച്‌ പതിറ്റാണ്ട്‌ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടെ നിരവധി നിര്‍ണായക പദവികള്‍ വഹിച്ചിട്ടുണ്ട്‌. 2002-08 കാലയളവില്‍ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
‘മൈ ഇയേര്‍സ്‌ വിത്ത്‌ ഇന്ദിരാഗാന്ധി’, ‘ദ പെരില്‍സ്‌ ഓഫ്‌ ഡെമോക്രസി’, ‘ഇന്ത്യ ഇന്‍ ദി മില്ലേനിയം’ തുടങ്ങിയവ അലക്സാണ്ടറുടെ കൃതികളാണ്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick