കൊച്ചി: പതിനൊന്നാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസമായ ഇന്നലെ 15 റെക്കോര്‍ഡുകള്‍ പിറന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി നടന്ന മീറ്റില്‍ മൊത്തം 30 പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം ഹൈജമ്പ്, അണ്ടര്‍ 16 വിഭാഗം റിലേ, അണ്ടര്‍ 18 വിഭാഗം 800 മീറ്റര്‍, 3000 മീറ്റര്‍, ഹാമര്‍ ത്രോ, അണ്ടര്‍ 20 വിഭാഗം ഹാമര്‍ത്രോ, ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം ഹൈജമ്പ്, അണ്ടര്‍ 16 5000 മീറ്റര്‍ നടത്തം, അണ്ടര്‍ 18 3000 മീറ്റര്‍, അണ്ടര്‍ 20 200 മീറ്റര്‍, 5000 മീറ്റര്‍, പുരുഷന്മാരുടെ 800 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളിലാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ പിറന്നത്.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍ കോളേജിലെ കെ. ശ്രീജിത്ത്മോന് 15.65 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സിഎസ്ജിയുടെ ഇ. അനീസ് റഹ്മാന് 53.57 സെക്കന്റില്‍ ഓടിയെത്തി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
രണ്ടാമതെത്തിയ കോതമംഗലം എംഎ കോളേജിന്റെ ബിനു ജോസും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 800 മീറ്ററില്‍ ഇന്ത്യന്‍ നേവികൊച്ചിയുടെ അരുണ്‍. കെ.ജെ 1 മിനിറ്റ് 54.04 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ആല്ബിന് സണ്ണി 15 മിനിറ്റ് 9.43 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 200 മീറ്ററില്‍ പുനലൂര്‍ എസ്എന്‍ കോളേജിലെ ലിഖിന്‍.എസ് 22.27 സെക്കന്റില്‍ പറന്നെത്തി നിലവിലെ റെക്കോര്‍ഡ് മറികടന്നു. അണ്ടര്‍ 18 3000 മീറ്ററില്‍ പറളി എച്ച്എസിലെ എം. കിഷോര്‍ 8 മിനിറ്റ് 34.9 സെക്കന്റുകൊണ്ടും അണ്ടര്‍ 16 5000 മീറ്റര്‍ നടത്തത്തില്‍ 24 മിനിറ്റ് 57.2 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പറളിയിലെതന്നെ കെ.എം. മനുവും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. 5000 മീറ്ററില്‍ രണ്ടാമത്തെത്തിയ പറളിയിലെ തന്നെ എ. അനീഷും നിലവിലെ റെക്കോര്‍ഡ് മറികടന്നു. അണ്ടര്‍ 14 ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ കെ.എസ്. അനന്തു 1.73 മീറ്റര്‍ ചാടിയാണ് നിലവിലെ റെക്കോര്‍ഡ് തിരുത്തിയത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം എംഎ കോളേജിന്റെ ആതിര മുരളീധരനും (43.42 മീറ്റര്‍), അണ്ടര്‍ 18 വിഭാഗത്തില്‍ ചേര്‍ത്തല എസ്എന്‍ കോളേജിലെ വി.ഒ. സനിതിയും (39.63) പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. അണ്ടര്‍ 18 3000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ എം.വി. വര്‍ഷയും (10 മിനിറ്റ് 11.37 സെക്കന്റ്), 5000 മീറ്റര്‍ നടത്തത്തില്‍ പറളിയിലെ തന്നെ കെ.ടി. നീന (25 മിനിറ്റ് 14.2 സെക്കന്റ്)യും 800 മീറ്ററില്‍ ഉഷ സ്കൂളിന്റെ ജെസ്സി ജോസഫും (2 മിനിറ്റ് 11.23 സെക്കന്റ്) നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. അണ്ടര്‍ 16 വിഭാഗം മെഡ്ലെ റിലേയില്‍ കോഴിക്കോട് ഉഷ സ്കൂളിന് വേണ്ടി ഇറങ്ങിയ ചിഞ്ചു ചാക്കോ, ജിസ്ന മാത്യു, കെ. സ്നേഹ, അബിത മേരി മാനുവല്‍ എന്നിവരുള്‍പ്പെട്ട ടീം 2 മിനിറ്റ് 22.12 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. അണ്ടര്‍ 14 ഹൈജമ്പില്‍ എറണാകുളം ഗിരിനഗര്‍ ബിവിഎമ്മിലെ ഗായത്രി ശിവകുമാര്‍ 1.60 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡിന് അവകാശിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: